തൊണ്ടി മുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് ഇന്ന് നിർണായകം ;ഹര്‍ജിയില്‍ ഉത്തരവ് പറയും

തിരുവനന്തപുരം : തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ എംഎൽഎ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഇന്ന്. കേസിൽ നെടുമങ്ങാട് കോടതിയുടെ മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് മത്സരിക്കാൻ അയോഗ്യതയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്ത് വീണ്ടും സ്ഥാനാർഥിയാകാൻ ശ്രമിക്കുന്ന ആന്റണി രാജുവിന് കോടതി ഉത്തരവ് നിർണായകമാണ്.
വിചാരണക്കോടതി വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച ഹർജി ആഴ്ചകൾക്ക് മുൻപ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. താൻ നൽകിയ തെളിവുകൾ വിചാരണക്കോടതിയും സെഷൻസ് കോടതിയും പരിഗണിച്ചില്ലെന്ന് ആന്റണി രാജു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെഷൻസ് കോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ പറയുന്നു. നിയമസഭയിലെ സിറ്റിങ് എംഎൽഎയാണ് താൻ. ശിക്ഷാവിധിയെത്തുടർന്ന് അയോഗ്യനാക്കപ്പെട്ടു. ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭാ അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും ആന്റണി രാജു അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആന്റണിരാജുവും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് തൊണ്ടിമുതൽ അട്ടിമറിച്ചൂവെന്നാണ് കേസ്. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റി എന്നതാണ് കേസ്. മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നു വർഷം തടവിന് ശിക്ഷിച്ചു. ഇതേത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു.

