Kaumudi Plus

തൊണ്ടി മുതൽ തിരിമറി കേസ് ;ഹൈക്കോടതിയെ സമീപിച്ച് ആന്റണി രാജു

തൊണ്ടി മുതൽ തിരിമറി കേസ് ;ഹൈക്കോടതിയെ സമീപിച്ച് ആന്റണി രാജു
X

തിരുവനന്തപുരം : തൊണ്ടി മുതൽ തിരിമറി കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആന്റണി രാജു. വിചാരണക്കോടതി വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. വിചാരണക്കോടതി പുറപ്പെട്ടുവിച്ച ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ആന്റണി രാജു അപ്പീലിൽ ആവശ്യപ്പെട്ടത്. താൻ നൽകിയ തെളിവുകൾ വിചാരണക്കോടതിയും സെഷൻസ് കോടതിയും പരിഗണിച്ചില്ലെന്നും ആൻ്റണി രാജു ചൂണ്ടിക്കാട്ടുന്നു.

ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെഷൻസ് കോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ല. നിയമസഭയിലെ സിറ്റിങ് എംഎൽഎയാണ് താൻ. ശിക്ഷാവിധിയെത്തുടർന്ന് അയോഗ്യനാക്കപ്പെട്ടു. ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭാ അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും ആന്റണി രാജു അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആന്റണിരാജുവും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് തൊണ്ടിമുതൽ അട്ടിമറിച്ചൂവെന്നാണ് കേസ്. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്. മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നു വർഷം തടവിന് ശിക്ഷിച്ചു. ഇതേത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു.

Next Story
Share it