പരാജത്തിന്റെ പേരിൽ നേതൃത്വം ഒഴിയേണ്ടതില്ല ;പിണറായി വിജയൻ പ്രതിപക്ഷനേതാവാകണം ;പാർട്ടിക്കുള്ളിൽ ഭൂരിപക്ഷ അഭിപ്രായം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റു വാങ്ങിയെങ്കിലും എൽഡിഎഫിന് തിരിച്ചുവരാൻ സിപിഎം നേതാവ് പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാർട്ടിയിൽ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.തോൽവിയുടെ പേരിൽ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കൾ പറയുന്നത്. ഇത്തരത്തിൽ പാർട്ടിയിൽ ചർച്ചകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാർട്ടിയെ നയിച്ചത് പിണറായി വിജയൻ ആണ്. ഇതിൽ പത്തു വർഷം മുഖ്യമന്ത്രിയായാണ് പാർട്ടിയെ നയിച്ചത്. ഇപ്പോൾ ഒരു തോൽവിയുടെ പേരിൽ പിണറായി വിജയൻ മാറി നിൽക്കേണ്ടതില്ലെന്നാണ് നേതാക്കൾ പറയുന്നത്. അത്തരത്തിൽ മാറിനിന്നാൽ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും പിണറായിയുടെ മേൽ വരും.കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന രീതിയാണ് ഉള്ളതെന്നും നേതാക്കൾ പറയുന്നു. നിലവിൽ ഭരണപക്ഷം ശക്തമാണ്. ഒട്ടുമിക്ക യുഡിഎഫ് നേതാക്കളും സഭയിലെത്തിയിട്ടുണ്ട്. ഇവരെ നേരിടാൻ ശക്തമായ പ്രതിപക്ഷ നേതാവ് ആവശ്യമാണ്. കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവാകാൻ അർഹനാണ്. എന്നാൽ ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി വിജയനെ പോലെ കരുത്തുള്ള നേതാവ് തന്നെ വേണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

