നടിയെ അക്രമിച്ചകേസിൽ വിധി പ്രഖ്യാപിച്ചപ്പോൾ എട്ട് വർഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് പരിസമാപ്തി

കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ എട്ടുവർഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് തിരശീല വീണിരിക്കുന്നത് .
2018 മാർച്ച് എട്ടിന് വിചാരണ തുടങ്ങിയ കേസിൽ 10 പ്രതികളാണ് ഉൾപ്പെട്ടിരുന്നത് .നടൻ ദിലീപ് കേസിലെ എട്ടാം പ്രതി ആയിരുന്നു .
ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്.
2017 ഫെബ്രുവരി 17 ന് വൈകീട്ട് സിനിമാ ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്നും എറണാകുളത്തു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെടുന്നത്.
ലാൽ ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനി ഏർപ്പാടു ചെയ്ത എസ് യു വിയിലാണ് നടി കൊച്ചിയിലേക്ക് വന്നത്.
ഈ വാഹനം ഓടിച്ച മാർട്ടിൻ കേസിൽ രണ്ടാം പ്രതിയാണ്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പെരുമ്പാവൂർ സ്വദേശി പൾസർ സുനി എന്ന സുനിൽകുമാറാണ് ഒന്നാം പ്രതി.
ആലുവ അത്താണിയിൽ വെച്ച് മുഖ്യപ്രതി പൾസർ സുനി ഓടിച്ച ടെമ്പോ ട്രാവലർ എസ് യു വിയിൽ ഇടിക്കുകയും, തുടർന്ന് സുനി വാഹനത്തിൽ അതിക്രമിച്ചുകയറി നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
സംഭവത്തിന്റെ ഗൂഢാലോചനയിലാണ് ദിലീപ് പ്രതിയാകുന്നത്. പ്. കേസിൽ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി.
85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.പ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ വിസ്തരിക്കാൻ മാത്രം 438 ദിവസം വേണ്ടിവന്നു.
ഇതിൽ സിനിമക്കാരും നടൻ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. മൊഴികളിൽ വ്യക്തത വരുത്താനുള്ള തുടർവാദങ്ങൾക്കും നടപടിക്രമങ്ങൾക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു.
ഫൊറൻസിക് റിപ്പോർട്ടുകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.
ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
ഒന്നരക്കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൾസർ സുനി മൊഴി നൽകിയിട്ടുള്ളത്.
പിടിക്കപ്പെട്ടാൽ മൂന്നര കോടി രൂപ നൽകാമെന്നും ദിലീപ് വാദ്ഗാനം ചെയ്തു. കൃത്യം നടത്തിയതിന് 70 ലക്ഷം രൂപ ലഭിച്ചെന്നും സുനി മൊഴി നൽകിയതായാണ് റിപ്പോർട്ട്.
ഇന്ന് കേസിലെ അന്തിമ വിധി വന്നപ്പോൾ കേസിൽ ഇരയാകേണ്ടി വന്ന പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെടുകയാണ് ഉണ്ടായത് .

