രാജ്യഭരണത്തില്‍ സൈന്യത്തിന്റെ അപ്രമാദിത്വം; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവെച്ചു ?

ടെഹ്‌റാൻ : രാജ്യഭരണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ( ഐആർജിസി) അപ്രമാദിത്വത്തിൽ പ്രതിഷേധിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ രാജിവെച്ചതായി റിപ്പോർട്ട്. രാജ്യവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അറിയിക്കുന്നില്ലെന്ന് ആരോപിച്ച് പെസഷ്‌കിയാൻ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് രാജിക്കത്ത് നൽകിയതായാണ് വിവരം .ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാനപ്പെട്ടതും നിർണായകവുമായ തീരുമാനമെടുക്കൽ പ്രക്രിയകളിൽ നിന്ന് തന്നെയും, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെയും ഒഴിവാക്കുകയാണ്. ഈ ശൂന്യത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ കടുത്ത നിലപാടുകാർക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ അവസരമൊരുക്കുകയാണെന്നും പെസഷ്‌കിയാൻ മുജ്തബ ഖമേനിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് പെസഷ്‌കിയാൽ ഖമേനിക്ക് രാജിക്കത്തു നൽകിയതെന്നാണ് സൂചന.
ഇത്തരം സാഹചര്യങ്ങളിൽ തനിക്ക് സർക്കാരിന് ഭരണം നടത്താനും നിയമപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ എത്രയും വേഗം രാജിക്കത്ത് സ്വീകരിക്കണമെന്നും പെസഷ്‌കിയാൻ മുജ്തബയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇറാൻ പ്രസിഡന്റ് പെസഷ്‌കിയാൻ രാജിവെച്ചു എന്ന വാർത്ത ഇറാൻ സൈന്യമായ ഐആർജിസിയുമായി ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജൻസി തള്ളി. പെസഷ്‌കിയാൻ രാജിവെച്ചിട്ടില്ലെന്നും, പ്രസിഡന്റിന്റെ ചുമതലകളിൽ തുടരുന്നുവെന്നും തസ്‌നിം ന്യൂസ് ഏജൻസി വ്യക്തമാക്കി.പ്രസിഡന്റിന്റെ ഓഫീസിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡെപ്യൂട്ടി മേധാവി സെയ്ദ് മെഹ്ദി തബതബായിയും, പെസഷ്‌കിയാൻ രാജിവെച്ചുവെന്ന ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ടിനെ തള്ളി. പെസഷ്‌കിയാൻ ജനങ്ങളെ സേവിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് വിദേശമാധ്യമങ്ങളുടെ പരിഹാസ്യമായ കളികളുടെ തുടർച്ചയാണ്. ഇറാൻ രാഷ്ട്രം ഐക്യദാർഢ്യത്തിന്റെയും പ്രതിരോധത്തിന്റെയും പാതയിൽ നിന്ന് പിന്നോട്ട് പോകാത്തതുപോലെ, പ്രസിഡന്റ് പെസഷ്‌കിയാനും ജനങ്ങളെ സേവിക്കുന്നതിൽ നിന്ന് പിന്മാറുകയില്ലെന്നും സെയ്ദ് മെഹ്ദി തബതബായി പറഞ്ഞു.

