ശബരിമല പടിപൂജ: ബുക്കിംഗ് രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം
The High Court has directed the Chief Vigilance Officer to seize all documents related to Sabarimala Padipuja bookings

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ പടിപൂജ ബുക്കിങ്ങിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി കർശന നടപടിയുമായി രംഗത്തെത്തി.
പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാൻ ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നൽകി.
വിജിലൻസ് അന്വേഷണത്തിൽ പടിപൂജ ബുക്ക് ചെയ്തവരിൽ ഭൂരിഭാഗവും വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചതായും, ബുക്ക് ചെയ്ത സ്ലോട്ടുകൾ ഉയർന്ന തുകയ്ക്ക് മറിച്ചുവിൽക്കുന്നതായും കണ്ടെത്തി. ഈ ക്രമക്കേടുകൾ "അത്യന്തം അപലപനീയം" എന്ന് വിശേഷിപ്പിച്ച കോടതി, ബുക്കിങ്ങിന്റെ വിശ്വാസ്യതയിൽ ഗുരുതര സംശയമുണ്ടെന്ന് നിരീക്ഷിച്ചു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസ് പരിഗണിച്ചത്. ദേവസ്വം ബോർഡ് ജീവനക്കാരും അവരുടെ ഏജന്റുമാരും ചേർന്ന് പടിപൂജ ഉൾപ്പെടെയുള്ള വഴിപാട് സ്ലോട്ടുകൾ കൈക്കലാക്കി ഭക്തരിൽ നിന്ന് പത്തിരട്ടി വരെ തുക ഈടാക്കുന്നുവെന്നാണ് കണ്ടെത്തൽ. പടിപൂജയുടെ ഔദ്യോഗിക നിരക്ക് 1.37 ലക്ഷം രൂപയാണെങ്കിലും ഇടനിലക്കാർ വൻ തുക അധികമായി വാങ്ങുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ 18 തരം പൂജകളും 39 തരം വഴിപാടുകളും ഉൾപ്പെടെ വിവിധ ആചാരങ്ങളിൽ ഇത്തരം ദുരുപയോഗങ്ങൾ നടക്കുന്നുണ്ടെന്നും വിജിലൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ഒരു വർഷത്തെ ബുക്കിങ്ങുകൾ പരസ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
കേസ് മാർച്ച് 4ന് വീണ്ടും പരിഗണിക്കും.

