പശ്ചിമേഷ്യൻ സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യം;സമാധാന കരാറില്‍ ധാരണയായി അമേരിക്കയും ഇറാനും ;റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ധാരണയായത്.എന്നാൽ കരാറിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയിട്ടില്ല. ചർച്ചകളുടെ പുരോഗതിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്ന് ട്രംപ് മധ്യസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്. ഹോർമുസിലെ ഉപരോധങ്ങൾ നീക്കണമെന്ന ഇറാന്റെ നിർദേശത്തിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
കരാറിൽ ഏകദേശ ധാരണയായെങ്കിലും, ഇറാൻ ഉന്നത നേതൃത്വത്തിനും കരാറിലെ ചില നിർദേശങ്ങളിൽ അതൃപ്തിയുള്ളതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഹോർമുസിൽ സമാധാനം പുനഃസ്ഥാപിക്കലും, കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പൽ സഞ്ചാരവുമാണ് കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹോർമൂസ് കടലിടുക്കിലെ മൈനുകൾ 30 ദിവസത്തിനുള്ളിൽ നീക്കം ചെയ്യാമെന്നും, കപ്പലുകളെ തടയില്ലെന്നും ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്.ധാരണ പ്രകാരം തന്ത്രപ്രധാനമായ ചോക്ക്‌പോയിന്റ് കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാന് കഴിയില്ല. ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ സ്ഥിതി വിലയിരുത്തി നാവിക ഉപരോധം പിൻവലിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന് സ്വതന്ത്രമായി എണ്ണ വിൽക്കാൻ സാധിക്കുന്നതിനായി ചില ഉപരോധങ്ങളിൽ ഇളവുകൾ നൽകാൻ അമേരിക്ക തയ്യാറായിട്ടുണ്ട്.ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇറാന്റെ പ്രതിജ്ഞാബദ്ധതയും ഈ കരാറിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ, ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനെ നിർമ്മാർജ്ജനം ചെയ്യണമെന്നും, യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ഭാവി നടപടികൾ എന്തൊക്കെയായിരിക്കണമെന്നും ഇരുപക്ഷവും ചർച്ച ചെയ്ത് തീരുമാനിക്കും. ഇറാൻ എത്രത്തോളം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നുവോ, അത്രത്തോളം നേട്ടങ്ങൾ അവർക്ക് ലഭിക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

