പോരാട്ടം തുടരും ; മീനാക്ഷി നടരാജൻ സുപ്രീംകോടതിയിൽ ;ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ പി കെ മിശ്ര, എഎസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നാമനിർദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാനാർത്ഥിയായ മീനാക്ഷി നടരാജനാണ് സുപ്രീംകോടതിയെ സമീപിച്ചത്.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായതിനാൽ, ഇന്നു തന്നെ ഹർജി പരിഗണിക്കണമെന്ന് മീനാക്ഷി നടരാജനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി കോടതിയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഇടയ്ക്കുവെച്ച് കോടതികൾ ഇടപെടാറില്ലെന്ന് ജസ്റ്റിസ് പി കെ മിശ്ര പറഞ്ഞു. 'ഇത് എങ്ങനെയാണ് നിലനിൽക്കുക' എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.
എന്നാൽ, പ്രകടമായ തെറ്റുകൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ കോടതികൾക്ക് ഇടപെടാൻ കഴിയുമെന്ന് മനു അഭിഷേക് സിങ് വി വാദിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും സിങ് വി കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വാദത്തെ എതിർത്തു. തുടർന്നാണ് കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനാണ് മീനാക്ഷി നടരാജൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രികയിൽ ക്രിമിനൽ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നു കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. എന്നാൽ ക്രിമിനൽ കേസില്ലെന്നും, സ്വകാര്യ അന്യായത്തിൽ കോടതി നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.

