പാലക്കാട് പിഷാരടി ഉറപ്പ്; 40 സീറ്റിൽ ഒറ്റപ്പേര്
The AICC finalizes its initial list for the upcoming elections, with single candidates named for 40 seats

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് സംസ്ഥാന നേതൃത്വം ആദ്യഘട്ട സ്ഥാനാർഥി പട്ടിക സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി.
40 മണ്ഡലങ്ങളിൽ ഒറ്റപ്പേര് ഉറപ്പിച്ചു, 50-ലധികം മണ്ഡലങ്ങളുടെ പട്ടികയാണിത്. 10 സീറ്റുകളിൽ ഒന്നിലധികം പേരുകൾ നിർദേശിച്ചിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് സമിതിയാണ് അന്തിമ തീരുമാനമെടുക്കുക.
പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനത്ത് പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര-ടെലിവിഷൻ താരം രമേശ് പിഷാരടി സ്ഥാനാർഥിയാകും. മുതിർന്ന നേതാവ് കെ. മുരളീധരന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും പിഷാരടിയുടെ പേര് ഏറെക്കുറെ ഉറപ്പായി. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കും.
തൃപ്പൂണിത്തുറ ഒഴികെ 20 സിറ്റിങ് സീറ്റുകളിൽ ഇപ്പോഴത്തെ എംഎൽഎമാർ തന്നെ വീണ്ടും മത്സരിക്കും. കൂടാതെ മണലൂരിൽ ടി.എൻ. പ്രതാപൻ, തൃത്താലയിൽ വി.ടി. ബൽറാം, കൊടുങ്ങല്ലൂരിൽ ഒ.ജെ. ജനീഷ്, കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, കൊയിലാണ്ടിയിൽ കെ. പ്രവീൺകുമാർ, കോഴിക്കോട് നോർത്തിൽ കെ. ജയന്ത്, നാദാപുരത്ത് കെ.എം. അഭിജിത്ത്, എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, കോങ്ങാട്ട് കെ.എ. തുളസി തുടങ്ങിയവരും ഒറ്റപ്പേരായി ഉറപ്പിച്ചിട്ടുണ്ട്.
വൈക്കത്ത് സണ്ണി എം. കപിക്കാടിന്റെ പേരും പരിഗണനയിലുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സീറ്റുകളിലാണ് അടുത്ത ഘട്ട തീരുമാനങ്ങൾ വരാനുള്ളത്. ഇതിനായി വരും ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ ചർച്ച നടത്തും.
യുഡിഎഫുമായി സഹകരിക്കുന്ന പി.വി. അൻവർ ബേപ്പൂർ മണ്ഡലത്തിൽ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി.

