അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം ;ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; തിരിച്ചടിക്കുമെന്ന് ടെഹ്‌റാന്‍

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷ സ്ഥിതി വളരെയധികം വഷളാകുന്നു . ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു . ഇറാനിയൻ പതാക നാട്ടിയ കപ്പലാണ് ഒമാൻ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു.ടൗസ്‌ക എന്നു പേരുള്ള 900 അടി നീളവും വിമാനത്തോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു.
അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാൻസ് ഇറാനിയൻ കപ്പലിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അവർ അതു ചെവിക്കൊണ്ടില്ല. എഞ്ചിൻ റൂം തുളച്ച് ഞങ്ങൾ അതിനെ തടഞ്ഞുവെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലയളവ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് യുഎസ് നീക്കം. അമേരിക്കയുടെ നടപടി വെടിനിർത്തൽ കരാർ ലംഘനമാണെന്ന് ഇറാൻ അഭിപ്രായപ്പെട്ടു. കപ്പൽ പിടിച്ചെടുത്ത അമേരിക്കയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ സൂചിപ്പിച്ചു. യുഎസിന്റെ നടപടി കടൽക്കൊള്ളയാണെന്നും ഇറാൻ വിശേഷിപ്പിച്ചു. ആവശ്യമെങ്കിൽ പൂർണയുദ്ധത്തിന് തയ്യാറാണെന്നും ഇറാൻ സൈന്യം സൂചിപ്പിച്ചു.

