Kaumudi Plus

പശ്ചിമേഷ്യയില്‍ സംഘര്‍ഷംഅതിരൂക്ഷം ;കുവൈത്ത് തീരത്ത് സ്‌ഫോടനം

പശ്ചിമേഷ്യയില്‍ സംഘര്‍ഷംഅതിരൂക്ഷം ;കുവൈത്ത് തീരത്ത് സ്‌ഫോടനം
X

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ടെഹ്‌റാനിൽ അടക്കം ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്നലെ രാത്രിയും അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി. ഇറാന്റെ ആയുധ ശേഖരണ കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. മിസൈൽ ലോഞ്ചിങ് പാഡുകൾ, മിസൈൽ ശേഖരണ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഉന്നമിട്ടിട്ടുള്ളത്. ഇറാന്റെ മിസൈൽ ശേഷി വളരെയധികം തകർത്തതായി യുഎസ് അവകാശപ്പെട്ടു.ഗൾഫ് മേഖലയിലേക്ക് ഇറാൻ നിരന്തരം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് യുഎസ് നീക്കം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ ആക്രമണം വളരെയധികം കുറഞ്ഞതായും അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടു. എന്നാൽ ഇന്നലെയും സൗദിയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം പ്രതിരോധിച്ചതായി സൗദി അറേബ്യയും വ്യക്തമാക്കി.

ഇറാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ ബുക്കാനിൽ കനത്ത ബോംബാക്രമണം ഉണ്ടായതായി ഇറാനിയൻ അർദ്ധ-ഔദ്യോഗിക തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗവർണറേറ്റ് കെട്ടിടവും വീടുകളും ബിസിനസുകളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലും അമേരിക്കയും ആക്രമണം കടുപ്പിച്ചാൽ ഇറാൻ ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രത്തെ ആക്രമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.കുവൈത്ത് തീരത്ത് മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെ കപ്പലിൽ സ്‌ഫോടനമുണ്ടായി. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണ്. ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുന്നു. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.അതിനിടെ ലെബനനിൽ ഇസ്രയേൽ സൈന്യം ആക്രമണം കടുപ്പിച്ചു. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ, ഹരേത് ഹ്രെയിക് പ്രദേശം ഉൾപ്പെടെ, ഒട്ടേറെ തവണ വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുമായി ബന്ധമുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 3 പേർ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Next Story
Share it