'ടീം വിഡിഎസ്' ഇന്ന് അധികാരത്തിലേറും ;സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻ വേദിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലോക്ഭവനിലെത്തി വിഡി സതീശൻ കൈമാറി. വകുപ്പുകൾ സംബന്ധിച്ച പട്ടിക സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശൻ ഗവർണർക്ക് കൈമാറും. 1982ലെ കെ കരുണാകരൻ സർക്കാരിനു ശേഷം യുഡിഎഫിന്റെ മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതും ടീം വിഡിഎസിന്റെ സവിശേഷതയാണ്.
മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 14 പേർ പുതുമുഖങ്ങളാണ്. യുവാക്കളുടെ ഒരു നിര, 2 വനിതാ മന്ത്രിമാർ, 2 പട്ടിക വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ തുടങ്ങി തെരഞ്ഞെടുപ്പിലെ വിസ്മയം മന്ത്രിസഭാ രൂപീകരണത്തിലും പ്രകടമാക്കുന്നതാണ് സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം.
മന്ത്രിമാർക്ക് ടേം വ്യവസ്ഥ കൊണ്ടു വരുന്നത് ഉഭയകക്ഷിയിൽ ധാരണയായിട്ടുണ്ട്. എന്നാൽ തർക്കം തീർന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി കാപ്പനും മന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്നാണ് ചർച്ച ചെയ്തിട്ടുള്ളത്. എന്നാൽ ഇതിനോട് ഇരുവർക്കും എതിർപ്പുണ്ട്. ഇന്ന് അനൂപാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ്ലീം ലീഗും പാർട്ടിക്കുള്ളിൽ വീതം വയ്പ്പ് നടത്തും. രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകും. ആരെയാണ് മാറ്റുക എന്നത് പിന്നീട് തീരുമാനിക്കുമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു.ഇവർ മന്ത്രിമാർ
വിഡി സതീശൻ: മുഖ്യമന്ത്രി
രമേശ് ചെന്നിത്തല: ആഭ്യന്തരം
കെ മുരളീധരൻ
സണ്ണി ജോസഫ്
മോൻസ് ജോസഫ്
ഷിബു ബേബിജോൺ
അനൂപ് ജേക്കബ്
സിപി ജോൺ
എപി അനിൽകുമാർ
എൻ ഷംസുദ്ദീൻ
പിസി വിഷ്ണുനാഥ്
റോജി എം ജോൺ
ബിന്ദു കൃഷ്ണ
എം ലിജു
ടി സിദ്ദിഖ്
കെഎം ഷാജി
പികെ ബഷീർ
വിഇ അബ്ദുൽ ഗഫൂർ
കെഎ തുളസി
ഒജെ ജനീഷ്.
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്പീക്കർ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്.
മുഖ്യമന്ത്രിയടക്കം കോൺഗ്രസിൽ നിന്നു 12 പേരാണ് മന്ത്രിസഭയിലെത്തുന്നത്. മുസ്ലീം ലീഗിന് 5 മന്ത്രിമാരും കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഒരോ മന്ത്രി വീതവുമാണ് ഉള്ളത്.

