കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ;അനുമതി തേടി തമിഴ്നാട് സർക്കാർ

ചെന്നൈ: കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമിക്കുന്നതിനു സാധ്യതാ പഠനം നടത്താൻ അനുമതി തേടി തമിഴ്നാട് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി തമിഴ്നാട് സർക്കാർ റെയിൽവേ ബോർഡിനു കത്തയച്ചു. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി- നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സേലം- കോയമ്പത്തൂർ വഴി എറണാകുളത്തേക്കുമാണ് പാതകൾ പരിഗണിക്കുന്നത്.
നിർമാണം പുരോഗമിക്കുന്ന അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ മാതൃകയിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി അതിവേഗ റെയിൽ ഇടനാഴികൾ നിർമിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. അതിനിടെയാണ് കേരളത്തിലേക്കുള്ള പാതകളുടെ സാധ്യതാ പഠനം നടത്താൻ തമിഴ്നാട് മുൻകൈയെടുക്കുന്നത്.ചെന്നൈയിൽ നിന്നു ഹൈദരാബാദിലേക്കും മൈസൂരിലേക്കുമുള്ള അതിവേഗ പാതകൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ മുന്നോട്ടു വച്ചിരുന്നു. അതിനു പുറമേയാണ് തിരുവനന്തപുരം, കൊച്ചി പാതകളുടെ സാധ്യത തേടി തമിഴ്നാട് നീക്കം.
ചെന്നൈയിൽ നിന്നു കൊച്ചി വഴി തിരുവനന്തപുരത്തേക്ക് ബുള്ളറ്റ് ട്രെയിൻ പാത നിർമിക്കാനുള്ള നിർദ്ദേശം 2010ലെ റെയിൽവേ ബജറ്റിലുണ്ടായിരുന്നു. 2009ൽ റെയിൽവേ അവതരിപ്പിച്ച വിഷൻ 2020 കർമ പദ്ധതിയിൽ ഇതടക്കം ആറ് അതിവേഗ റെയിൽപ്പാതകളാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പിന്നീടു വന്ന എൻഡിഎ സർക്കാർ മുംബൈ- അഹമ്മദാബാദ് പാതയാണ് ആദ്യ ബുള്ളറ്റ് ട്രെയിനിനു വേണ്ടി തിരഞ്ഞെടുത്തത്. ഈ വർഷം മറ്റ് പാതികൾ കൂടി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഉൾപ്പെടുത്തിയില്ല.

