Kaumudi Plus

സ്വകാര്യ സ്‌കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ - മത പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

സ്വകാര്യ സ്‌കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ - മത പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍
X

ചെന്നൈ: സ്വകാര്യ സ്‌കൂൾ ക്യാംപസുകളിൽ രാഷ്ട്രീയ - മത പരിപാടികൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഇത് സംബന്ധിച്ച് 'തമിഴ്നാട് പ്രൈവറ്റ് സ്‌കൂൾസ് (റെഗുലേഷൻ) റൂൾസ്, 2023'-ൽ സർക്കാർ ഭേദഗതി വരുത്തി. ഇതോടെ സ്‌കൂൾ ക്യാംപസിൽ രാഷ്ട്രീയമോ, മതപരമായ പരിപാടികളോ നടത്താൻ സംഘടനകൾക്കോ, വ്യക്തികൾക്കോ അനുമതി ഉണ്ടാകില്ല. സ്‌കൂൾ വളപ്പുകളിൽ ആർഎസ്എസ് ശാഖകൾ നടത്തുന്നതു വിവാദമായ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.സ്‌കൂൾ ക്യാംപസുകൾ ഇനി മുതൽ പഠനസംബന്ധമായ ആവശ്യങ്ങൾക്കും വിദ്യാർഥി ക്ഷേമ പരിപാടികൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മാർച്ച് രണ്ടിന് ഇറക്കിയ ഉത്തരവിൽ പറയുന്നു. 2024ൽ മഹാവിഷ്ണു എന്ന ആത്മീയ പ്രഭാഷകൻ പങ്കെടുത്ത പരിപാടി വിവാദമായതിനെത്തുടർന്ന് സർക്കാർ സ്‌കൂളുകളിൽ സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം കടലൂരിലെ സരസ്വതി വിദ്യാലയത്തിൽ സേവാഭാരതിയുടെ ക്യാംപ് നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നു. തുടർന്ന് സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. സർക്കാർ നടപടിക്കെതിരെ സ്‌കൂൾ അധികൃതർ രംഗത്തെത്തിയിരുന്നു.ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനത്തെ ലക്ഷ്യം വെച്ചല്ലെന്ന് പുതിയ ഉത്തരവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ് കൊണ്ടുവന്നതെന്നും അധികൃതർ പറയുന്നു. സിബിഎസ് ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സർക്കാർ നീക്കം സ്വാഗതം ചെയ്തു. സ്‌കൂളുകൾ വിദ്യാർഥികൾ രാഷ്ട്രീയം മനസിലാക്കേണ്ട ഇടമാണെന്നും എന്നാൽ രാഷ്ട്രീയം കളിക്കേണ്ട ഇടമല്ലെന്നും അവർ പറഞ്ഞു.

Next Story
Share it