Kaumudi Plus

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എന്‍ടിഎക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എന്‍ടിഎക്കെതിരെ വിമർശനവുമായി  സുപ്രീംകോടതി
X

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ഇതുവരെയുണ്ടായ വീഴ്ചകളിൽ നിന്നും പാഠം പഠിച്ചില്ലേയെന്ന് കോടതി ചോദിച്ചു. മേൽനോട്ട സമിതിയുടെ സ്ഥിതി എന്താണെന്നും കോടതി ആരാഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് എന്ന ഡോക്ടർമാരുടെ സംഘടന നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.രണ്ട് വർഷം മുമ്പ് നടന്ന ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 2024 ൽ കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) പാഠം പഠിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അന്ന് നീറ്റിന്റെ കാര്യത്തിലെ ക്രമക്കേടുകൾ എങ്ങനെ ഒഴിവാക്കാം എന്ന് പഠിക്കാനായി ഒരു മേൽനോട്ട സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാനും കോടതി ഉത്തരവിട്ടിരുന്നു. വീഴ്ചകളിൽ നിന്നും എൻടിഎ പാഠം പഠിച്ചില്ല എന്നതാണ് സമീപകാല ആരോപണങ്ങൾ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

നേരത്തെ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാൻ സുപ്രീംകോടതി എൻടിഎയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സത്യവാങ് മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. എൻടിഎയ്ക്് പുറമെ, കേന്ദ്രസർക്കാരിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനാണ് കേന്ദ്രത്തോടും എൻടിഎയോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.നീറ്റ് പരീക്ഷ നടത്തുന്ന ഏജൻസിയായ നാഷണൽ ടെസ്റ്റിങ് ഏജൻസി തന്നെ പിരിച്ചു വിടണമെന്നാണ് യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ക്രമക്കേടുകളില്ലാതെ നീറ്റ് പരീക്ഷ നടത്താനായി പുതിയ സമ്പ്രദായം രൂപീകരിക്കണം. പരിക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും കാത്തു സൂക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Next Story
Share it