Kaumudi Plus

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ; കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടു ;തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ; കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടു ;തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ ഇടതുസർക്കാർ പദ്ധതിയിൽ ഒപ്പിട്ടുവെന്നും ഫിനാൻസിന്റെ എല്ലാം അനുമതിയോടെ 2024 ൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സർക്കാർ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി തുടരാൻ നിർബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തിൽ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിർപ്പ് എന്താണെന്ന് വെച്ചാൽ കരിക്കുലം സ്വാതന്ത്ര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സർക്കാരിന് നൽകണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂൾ സെലക്ഷൻ സംസ്ഥാനം തന്നെ തീരുമാനിക്കും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ ആശയപരമായ നിലപാടുകൾ കേന്ദ്രത്തെ അറിയിക്കാനുള്ള കാര്യങ്ങൾ തയ്യാറാക്കാനായി പൊതു വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാർ. പദ്ധതിയിൽ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കാത്ത തരത്തിൽ തീരുമാനമെടുക്കാൻ സംയുക്തമായി പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയിൽ ഒരു കാരണവശാലും ഒപ്പുവെക്കില്ലെന്നാണ് കഴിഞ്ഞ സർക്കാർ പറഞ്ഞത്. എന്നാൽ മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും മാത്രമാണ് ഒപ്പുവെച്ചത് അറിയാമായിരുന്നത്. മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് തീരുമാനമെടുത്തത്. കേന്ദ്രത്തിൽ നിന്നും കിട്ടുന്ന പണം നമ്മുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല. ഒരു കാരണവശാലും വർഗീയ അജണ്ട നടപ്പാക്കാൻ അനുവദിക്കാതെ, കരിക്കുലത്തിന് പൂർണ സ്വാതന്ത്ര്യത്തോടെ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story
Share it