ഗുരുവിന്റെ ജന്മഗൃഹം; വയല്‍വാരം തറവാടിന് സാങ്കല്പിക പുന:സൃഷ്ടി
Sree Narayana Guru's birth place Vayalvaram Veedu

ഡോ. പ്രകാശ് ജനാര്‍ദ്ദനന്‍
ക്ഷേത്രം രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായ ഒരു പാകപ്പിഴ വളരെ അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. ഇത്ര കൃത്യതയോടെ ചെയ്തിട്ടും, ഇപ്പോള്‍ ഗണപതി വിഗ്രഹം ഇരിക്കുന്ന ഭാഗത്തുള്ള വാതില്‍ ഉള്‍പ്പെടുത്താന്‍ വിട്ടു പോയി. പിന്നീടാണ് അത്ഭുതത്തോടെ മനസ്സിലായത് ഗുരുവിന്റെ കാലത്ത് അങ്ങനെ ഒരു ഗണപതിവിഗ്രഹമോ, വാതിലോ അവിടെ ഉണ്ടായിരുന്നില്ല എന്ന കാര്യം!
ഒഴുകിമറയുന്ന പെരുംകാലത്തിന്റെ പിന്നിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നടക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം. മഹാഗുരു മഹാസമാധിയിലേക്ക് പ്രവേശിച്ചിട്ട് നാലോ അഞ്ചോ വര്‍ഷങ്ങള്‍ മാത്രം. ചെമ്പഴന്തിയിലെ മണയ്ക്കല്‍ ക്ഷേത്രത്തേയും, ആ അങ്കണത്തിന്റെ അരികില്‍ തുടങ്ങി വടക്ക് ഏലായിലേക്ക് ചാഞ്ഞിറങ്ങുന്ന പറമ്പിലെ മരങ്ങളേയും തഴുകി മാര്‍കഴിക്കാറ്റ് കാട്ടുംപുറം കുന്നിലേക്ക് പോയി. ആ പറമ്പിന്റെ ചുറ്റുമതിലും, കാവല്‍പ്പുരയും, വടക്കേക്കെട്ട് ഒഴിച്ചുള്ള മറ്റു പുരകളും തകര്‍ന്നു കിടക്കുകയാണ്, വയല്‍വാരം തറവാടിന്റെ ഗതകാല സമ്പന്നതയുടെ ശേഷിപ്പുകളായി. മലയാളക്കരയുടെ ഭാവി ചരിത്രത്തിന് സന്മാര്‍ഗ്ഗമേകിയ മഹാഗുരു പിറന്നു വീണ സൂതികാഗൃഹമാണ്, പ്രസവപ്പുരയാണ് കാലത്തിന്റേയും വിധിയുടേയും കാറും, കോളും അതിജീവിച്ച് നിയതിയുടെ നിശ്ചയം പോലെ നിലനില്ക്കുന്ന വടക്കേക്കെട്ട്. ഇവിടെ ഇപ്പോള്‍ താമസിക്കുന്നത് ഗുരുവിന്റെ സഹോദരി മാതയും മക്കളുമാണ്. വെയിലിന്റെ വെക്കയ്ക്കും തളര്‍ത്താന്‍ കഴിയാത്ത ആവേശവുമായി, തകര്‍ന്നുകിടക്കുന്ന കെട്ടുകള്‍ തങ്ങളുടെ പരമ്പര്യത്തിന്റെ പ്രൗഢിയായിരുന്നു എന്നറിയാതെ അവിടെ ഓടിയും, ഒളിച്ചും കളിക്കുകയാണ് ഗുരുവിന്റെ മറ്റൊരു സഹോദരിയായ കൊച്ചുവിന്റെ മകള്‍ ജാനകിയുടെ മകന്‍ ജനാര്‍ദ്ദനന്‍ അടങ്ങുന്ന ബാലകരുടെ ചെറു സംഘം. ആ ദിവസവും അസ്തമിച്ചു. ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം അതേ സ്ഥലം. ചുറ്റിലും അരമതില്‍, അതിനുള്ളില്‍ വിരിച്ചിരിക്കുന്ന വെള്ളമണലിന്റെ നടുവില്‍ വയല്‍വാരം വീട് പോക്കുവെയിലില്‍ തിളങ്ങി നില്ക്കുന്നു. ഒരു മൂലയ്ക്ക് അരമതിലില്‍ ഇരിക്കുകയാണ് മേല്‍ പറഞ്ഞ ജനാര്‍ദ്ദനനും, അതിലും പ്രായമേറിയ രണ്ടു പേരും. അവരുടെ മുന്നില്‍ താഴെ മണലില്‍ ഇരിക്കുന്ന കൗമാരക്കാരില്‍ ഒരാള്‍ ഈയുള്ളവനാണ്, ജനാര്‍ദ്ദനന്റെ മകന്‍ പ്രകാശ്. അച്ഛന്റെ ആധ്യാത്മിക താല്‍പര്യവും, കവിത്വവും എന്നിലേക്ക് പകര്‍ന്ന് തന്നത് വേദാന്തവും, അദ്വൈതവും, മഹാകവികളുടെ കവിതകളുമാണ്. കവിതകള്‍ കാണാപ്പാഠമായി പക്ഷേ, വേദാന്തം എന്നിലെ ബാലന് കീറാമുട്ടിയായി. കൗമാരം തൊട്ടപ്പോഴാണ് എന്നില്‍ ഗുരു അത്ഭുതമായി വളര്‍ന്നത്. എന്നാല്‍ പിതാവില്‍ നിന്നും കേട്ടറിഞ്ഞതിനു വിപരീതമായി സ്വാമി മണ്‍കുടിലിലാണ് ജനിച്ചത് എന്ന് വായിച്ചും, സമൂഹത്തിലെ ഉന്നതരായവരുടെ പ്രസംഗങ്ങള്‍ കേട്ടും അറിഞ്ഞപ്പോള്‍ എന്നില്‍ അസ്വസ്ഥതയാണ് തിടം വെച്ചത്.സ്വാമി കുടിലിലാണ് ജനിച്ചതെങ്കില്‍ ദരിദ്രനായ, വിശപ്പ് വലയ്ക്കുന്ന ആ ബാലകന്റെ ഉള്ളില്‍ ആഹാരത്തെക്കുറിച്ചല്ലാതെ ഈശ്വര ചിന്തയുണ്ടാകുമോ എന്നതായിരുന്നു എന്റെ സന്ദേഹം. ശ്രീബുദ്ധന്റെ ജീവിതം കേട്ടറിഞ്ഞതില്‍ നിന്നും സുഖത്തിലും, സുരക്ഷിതത്വത്തിലും നിന്നുകൊണ്ട് ജീവിത ദു:ഖങ്ങള്‍ കാണുമ്പോഴേ ഒരാള്‍ക്ക് വിരക്തിയുണ്ടാകൂ എന്നാണ് ഞാന്‍ ചിന്തിച്ചതും, മനസ്സിലാക്കിയതും. അതുകൊണ്ടാണ് സംശയ ദുരീകരണത്തിനും, അച്ഛന്‍ പകര്‍ന്നു തന്ന കാര്യങ്ങളുടെ ഉറപ്പിനും വേണ്ടി, അറിവും അനുഭവവും ഏറെ ഉള്ളവരുടെ മുന്നില്‍ എന്നെ എത്തിച്ചത്. മുഖവരയൊന്നുമില്ലാതെ ഞാനെന്റെ സംശയം കാരണവന്‍മാര്‍ക്ക് മുന്നില്‍ ചോദ്യമായി ഇട്ടു. നവതി തൊടാറായ, കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന വാസുദേവന്‍ സാറില്‍ (ഗുരുദേവന്‍ ഇദ്ദേഹത്തെ പലയിടങ്ങളില്‍ അയച്ച് പഠിപ്പിച്ചിട്ടുണ്ട്) നിന്നും ഒരു പൊട്ടിത്തെറിയാണുണ്ടായത്. 'ആര് പറഞ്ഞെടാ സ്വാമി ദരിദ്രനായിരുന്നെന്ന്, കുടിലിലാണ് ജനിച്ചേന്ന്'. അദ്ദേഹം അടുത്തുള്ള, പാടം നികത്തി നിര്‍മ്മിച്ച ഗുരുകുലം ഹൈസ്‌ക്കൂളിലേക്കും, അതിനപ്പുറത്തെ ശ്രീനാരായണ കോളേജിലേക്കും വിരലും, നോട്ടവും ചൂണ്ടി തുടര്‍ന്നു. 'ഈ പ്രദേശമെല്ലാം സ്വാമീര കുടുംബക്കാരതായിരുന്നു. കണ്ണങ്കര മൊതല് എടത്തറ വരയൊള്ള ഏലായ്. പിന്ന അപ്പുറത്ത് (ചെമ്പഴന്തി ജംഗ്ഷന് തെക്ക്) ചാരിയാട്ട് മൊതല് കീഴണ്ടൂര് വരയൊള്ള ഏലായും, പറമ്പുകളും'. ഇത് കുറച്ച് പെരുപ്പിച്ച കണക്കല്ലേ എന്ന് സംശയം പൂണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാര്‍ത്ഥത എന്നെ മൗനിയാക്കി. പ്രായത്തിന്റെ പരാധീനകളെ ശൗര്യം കടത്തിവെട്ടിയപ്പോള്‍ കിതപ്പ് വകവെയ്ക്കാതെ സാറ് തുടര്‍ന്നു. 'നെനക്ക് അറിയാമോ നാനൂറ് പറ നെല്ല് വിത്താണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അതിന് എത്ര വലിയ പുര വേണോന്ന് അറിയാല്ലോ. ഈ കാണണത് വടക്കതാണ്. പ്രസവപ്പുര. പടിഞ്ഞാറും, കിഴക്കും തെക്കുമെല്ലാം കെട്ടുകളൊണ്ടായിരുന്ന്. വലിയ കുടുംബമല്ലായിരുന്നാ.' അദ്ദേഹം ഒന്നു നിര്‍ത്തിയപ്പോള്‍ ഞാന്‍ അവിടേക്ക് കയറി. 'സാര്‍ എനിക്ക് രണ്ട് കാര്യങ്ങള്‍ കൂടി അറിയണം. ഇതെല്ലാം എങ്ങനെ ഉണ്ടായി. എങ്ങനെ നശിച്ചു.' അദ്ദേഹം തെല്ല് നേരം സായാഹ്നസൂര്യനെ നോക്കിയിരുന്നു. ദീര്‍ഘശ്വാസമെടുത്ത് ഊര്‍ജ്ജം സംഭരിച്ചുകൊണ്ട് തുടര്‍ന്നു...
പേച്ച് കഥകളിലെ ചരിത്രം
ചെമ്പഴന്തി പ്രദേശത്ത് പാറി നടന്ന പേച്ചു കഥകളില്‍ നിന്നും, ഗുരുവിന്റെ കുടുംബത്തിന്റെ സമ്പന്നമായ ഭൂതകാലത്തിന് രണ്ട് ഘട്ടങ്ങള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാം. ഒന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാടിന്റെ ഭരണത്തിലേറിയ കാലം. രണ്ടാമത്തേത് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഗുരുവിന്റെ പിതാമഹനായ പത്മനാഭന്‍ വൈദ്യരുടെ ജീവിതകാലം. ചെമ്പഴന്തി മണയ്ക്കല്‍ ദേവീക്ഷേത്രത്തിന്റെ ഭരണം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആരംഭം വരെ ഗുരുദേവന്റെ കുടുംബവും, അവിടെയുള്ള ഒരു പ്രമുഖ നായര്‍ കുടുംബവും സംയുക്തമായാണ് നിര്‍വ്വഹിച്ചിരുന്നത്. ഇരുകൂട്ടര്‍ക്കും കൂടിയാലോചനകള്‍ നടത്താനായി ക്ഷേത്രാങ്കണത്തില്‍ രണ്ട് തട്ടുകളും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ക്ഷേത്രാധികാരം ഗുരുവിന്റെ കുടുംബത്തിന് പൂര്‍ണ്ണമായും വിട്ടു നല്കി നായര്‍ കുടുംബക്കാര്‍ ചെമ്പഴന്തിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഇടത്തറ എന്ന സ്ഥലത്ത് ദേവീക്ഷേത്രം സ്ഥാപിച്ചു. ജന്മിത്വവും, ജാതീയതയും കൊടികുത്തി വാണ പതിനെട്ടാം നൂറ്റാണ്ടെന്ന ഇരുണ്ട കാലത്ത് ഒരു ഈഴവ കുടുംബത്തിന് ക്ഷേത്രാധികാരവും, പല കെട്ടുകളുള്ള തറവാടും, വന്‍പിച്ച ഭൂസ്വത്തുക്കളും ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍ അതിന്റെ കാരണം തേടുന്നത് കൗതുകകരമാണ്. നാട്ടധികാരിയായ ചെമ്പഴന്തി പിള്ളയ്ക്ക് ഇതെല്ലാം നല്കാനുള്ള അധികാരം ഉണ്ടായിരുന്നു കാണുമോ? പിന്നെ ചെമ്പഴന്തി പിളളയുടെ മേല്‍ ഏറെ സ്വാധീനമുള്ള ശ്രീകാര്യത്തേയും, കേളമംഗലത്തേയും മഠത്തിലെ പോറ്റിമാര്‍ അതിന് അനുവാദം നല്കുമോ? അപ്പോള്‍ കാരണം തേടലിന്റെ തുഞ്ചം ചെന്നു മുട്ടുന്നത് വായ്മൊഴി കഥകളില്‍ പറയുന്ന പോലെ അന്നത്തെ വേണാട്ടരചനായ മാര്‍ത്താണ്ഡവര്‍മ്മയിലാണ്. അദ്ദേഹം രാജ്യഭരണമേറ്റെടുത്ത്, എട്ടുവീട്ടില്‍ പിള്ളമാരുമായി സംഘര്‍ഷം നിലനില്ക്കുക്കുന്ന കാലം. തന്റെ അമ്മവീടായ ആറ്റിങ്ങല്‍ വലിയ കൊട്ടാരത്തില്‍ നിന്നും കിളിമാനൂരിലേക്ക് പോകുന്ന വഴിയില്‍ വെച്ച് മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാന്‍ എട്ടുവീടരും മറ്റു മാടമ്പിമാരും പദ്ധതിയിട്ടു. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതിനുള്ള ഗൂഢാലോചന നടന്നത് ചെമ്പഴന്തി പിള്ളയുടെ തറവാട്ടില്‍ വെച്ചായിരുന്നു. ഗുരുവിന്റെ പൂര്‍വ്വികരില്‍ ഒരാള്‍ കളരി ആശാനും, മന്ത്ര തന്ത്രങ്ങളില്‍ പ്രാവീണ്യമുള്ള ആളുമായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവായിരുന്നപ്പോള്‍ അമ്മവീടായ ആറ്റിങ്ങലില്‍ നിന്നും ചെമ്പഴന്തി പ്രദേശത്ത് നായാട്ടിനായി വരുന്ന അവസരത്തില്‍ അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത്, ഗുരുവിന്റെ പൂര്‍വ്വികന്‍ അടുപ്പം സ്ഥാപിച്ചിരുന്നു. ചെമ്പഴന്തി പിള്ളയുടെ ഭവനത്തിലെ ഗൂഢാലോചന ഇദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയെ നേരിട്ട് ധരിപ്പിച്ചതിനാലാണ്, വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും വധശ്രമത്തില്‍ നിന്നും രാജാവിന് രക്ഷപ്പെടാനും സാധിച്ചതെന്നാണ് കഥകളില്‍ പറയുന്നത്. ഇദ്ദേഹം രാജസ്ഥാനത്തിനു വേണ്ടി പല യുദ്ധങ്ങളിലും നായകസ്ഥാനം വഹിച്ച് പങ്കെടുത്തിട്ടുണ്ടെന്നും കേള്‍വിയുണ്ട്. നായര്‍ മാടമ്പിമാരും മഠങ്ങളിലെ പോറ്റിമാരും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എതിര്‍ നിന്നപ്പോള്‍, മറവപ്പടയും, ബ്രിട്ടീഷുകാരും, ചാന്നാന്‍മാരും ഈഴവരുമൊക്കെയാണ് അദ്ദേഹത്തിന് തുണയായത്. അങ്ങനെ വേണാട്ടരചന്റെ ഉപകാരസ്മരണ ആയിരിക്കാം ഗുരുവിന്റെ കുടുംബത്തിന് ലഭിച്ച, മേല്‍പറഞ്ഞ അവകാശങ്ങളും, അധികാരവും എല്ലാം.
മറ്റൊരു കഥ, മാര്‍ത്താണ്ഡവര്‍മ്മ ചെമ്പഴന്തിയില്‍ നായാട്ടിന് വന്നപ്പോള്‍ എട്ടുവീടര്‍ വധിക്കാന്‍ ശ്രമിച്ചു. കണ്ണങ്കര എന്ന സ്ഥലത്ത് താമസിക്കുന്ന ചെമ്പഴന്തി പിള്ളയുടെ ഒരു സഹോദരിയും, ഗുരുവിന്റെ പൂര്‍വ്വികരില്‍ ഉള്ള ഒരമ്മയും ചേര്‍ന്ന് രാജാവിനെ ഒളിപ്പിച്ച് രക്ഷപെടുത്തി. സഹോദരിയുടെ അപേക്ഷ പ്രകാരമാണ്, പിന്നീട് എട്ടുവീടരേയും, മറ്റു മാടമ്പിമാരേയും തൂക്കിക്കൊന്നപ്പോള്‍, സഹായത്തിന്റെ സ്മരണയില്‍ രാജാവ് ചെമ്പഴന്തി പിള്ളയെ വെറുതെ വിട്ടത്. ഗുരുവിന്റെ കുടുംബത്തിന് കരമൊഴിവായി വസ്തുവകകളും, ക്ഷേത്രാധികാരവും നല്കി. ചെമ്പഴന്തി പിള്ളയെ വെറുതേ വിട്ടോ, മറ്റുള്ളവര്‍ക്കൊപ്പം കഴുവിലേറ്റിയോ എന്നത് വ്യക്തമല്ല. എങ്കിലും, അതോടെ അദ്ദേഹത്തിന്റെ തറവാട് ക്ഷയിച്ചു പോയി എന്നത് വസ്തുതയാണ്.
മറ്റൊരു സംഗതി, ഗുരുവിന്റെ പൂര്‍വ്വികരില്‍ പലരും, പണ്ഡിതന്‍മാരും, വൈദ്യത്തിലും, മന്ത്രവാദത്തിലും, പയറ്റിലും വളരെ പ്രാഗത്ഭ്യമുള്ളവരും, ഇതെല്ലാം തലമുറകളായി പാരമ്പര്യതൊഴിലായി ചെയ്തിരുന്നവരുമായിരുന്നു. സമ്പന്ന സവര്‍ണ്ണ കുടുംബങ്ങളില്‍ പോയി ചികിത്സ ചെയ്ത് ഫലം സിദ്ധിക്കുമ്പോള്‍ അവര്‍ കരമൊഴിവായി വസ്തുവകകളും മറ്റും നല്കുക പതിവായിരുന്നു. അങ്ങനെ ആയിരിക്കാം വന്‍പിച്ച സ്വത്തുവകകളും സമൂഹത്തില്‍ പ്രമാണിത്തവും നേടാനായത്. എന്നാല്‍ കാലാന്തരത്തില്‍ കുടുംബത്തിലുണ്ടായ അവകാശ തര്‍ക്കങ്ങളും, കാരണവന്‍മാരുടെ നോട്ടക്കുറവും മൂലം കുടുംബം ക്ഷയിച്ചു തുടങ്ങിയ ഘട്ടത്തിലാണ്, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം, ഗുരുവിന്റെ പിതാമഹനായ പത്മനാഭന്‍ വൈദ്യരുടെ ജനനം. ഇദ്ദേഹത്തിന്റെ നാമം ചരിത്രരേഖകളില്‍ രേഖപ്പെട്ട് കണ്ടിട്ടില്ല. അതിനുള്ള കാരണം ഇതായിരിക്കാം. അക്കാലത്ത് ഈഴവ കുലവും മരുമക്കത്തായം പിന്‍തുടര്‍ന്നിരുന്നതിനാല്‍ തായ് വഴിക്കായിരുന്നു പ്രാധാന്യം. അതുകൊണ്ടായിരിക്കാം ഗുരുവിന്റെ അമ്മാവനായ കൃഷ്ണന്‍ വൈദ്യര്‍ക്ക് പ്രാധാന്യം ലഭിച്ചത്. മറ്റൊന്ന്, പത്മനാഭന്‍ വൈദ്യര്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം തമിഴകത്തെ മധുരയിലാണ് വൈദ്യവൃത്തിയുമായി കഴിഞ്ഞത്. അതിന്റെ കാരണവേരുകള്‍ തേടിച്ചെല്ലുമ്പോള്‍ എത്തി നില്ക്കുന്നത് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയിലാണ്. മദ്ധ്യകാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നീണ്ടു കിടക്കുന്നതാണ് കുടിപ്പകയുടേയും, രക്തരൂക്ഷിതമായ കുടുംബ വൈരങ്ങളുടേയും കാലം. പ്രധാനമായും സ്വത്ത് തര്‍ക്കങ്ങള്‍ തന്നെയാണ് ഇതിലേക്ക് നയിക്കുന്നത്. അത് കൊല്ലും കൊലയുമായി തലമുറകള്‍ നീളും. ഇവിടെ പത്മനാഭന്‍ വൈദ്യര്‍ ഇഷ്ടപ്പെട്ടത് തങ്ങളുടെ മൂലകുടുംബത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് ആജന്മ ശത്രുക്കളായി മാറിയ കുടുംബത്തിലെ പെണ്‍കുട്ടിയെയാണ്. അദ്ദേഹം അവരെ വിളിച്ചു കൊണ്ടുവരികയും ചെയ്തു. ശേഷമുണ്ടാകുന്ന പുകില്‍ പറയുകയും വേണ്ടല്ലോ. അങ്ങനെ സ്വദേശത്ത് നില്ക്കാന്‍ കഴിയാതെ നവദമ്പതികള്‍ തമിഴകത്ത് മധുരയില്‍ ചെന്ന് (ആരെങ്കിലും അടുപ്പക്കാരോ, പരിചയക്കാരോ അവിടെ ഉണ്ടായിരുന്നിരിക്കാം) വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ട് വിജയം വരിച്ചു. നാട്ടില്‍ ആളിയ തീ കെട്ടുതുടങ്ങിയപ്പോള്‍ മാധവന്‍ (പില്‍ക്കാലത്ത് മാടനാശാന്‍) ഉള്‍പ്പെടെയുള്ള മക്കളുമായി ഭാര്യ നാട്ടിലേക്ക് മടങ്ങി വന്നു കാണും. വര്‍ഷങ്ങള്‍ക്ക് ശേഷം ധനവാനായി മടങ്ങിയെത്തിയ പത്മനാഭന്‍ വൈദ്യര്‍ തന്റെ സമ്പന്നത വിളിച്ചോതുന്ന, പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത നാല് വീടുകള്‍ നിര്‍മ്മിച്ചു എന്നാണ് കേള്‍വി. അതില്‍ ചാര്യാംകോട്ടെന്നും, കൊച്ചുവിളയെന്നും പേരുള്ള വീടുകള്‍ തനിക്ക് നല്ല പരിചയമായിരുന്നു എന്ന് എന്റെ പിതാവായ ജനാര്‍ദ്ദനന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വാസുദേവന്‍ സാറിന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടിരുന്ന എന്റെ മനസ്സില്‍ പെട്ടെന്ന് ഉദിച്ച സംശയം ചോദ്യമായി പുറത്തു വന്നു. 'പേരെടുത്ത പത്മനാഭന്‍ വൈദ്യര്‍ തന്റെ മകന് മാടനെന്ന് പേരിടുമോ.' തന്റെ സംസാരം മുറിഞ്ഞതില്‍ അസ്വസ്ഥനായെങ്കിലും ചോദ്യം ഇഷ്ടപ്പെട്ടതിനാല്‍,' എടാ കൂടുതല്‍ കാലം നാട്ടില് നിന്നെങ്കി പത്മനാഭന്‍ വൈദ്യര് തന്നെ എപ്പഴേ പപ്പു വൈദ്യരായി മാറിയേനെ. നാരായണന നാണു വാക്കിയവര്‍ക്കാണാടാ മാധവന മാടനാക്കാന്‍ പ്രയാസം. ഗുരു സവര്‍ണ്ണര്‍ക്ക് കൈയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളില്‍ എത്തിയതുകൊണ്ടല്ലേ നാണു വീണ്ടും നാരായണനായത്.' എന്റെ സുഹൃത്തില്‍ നിന്നും അടുത്ത ചോദ്യമുയര്‍ന്നു. 'പിന്നെങ്ങന എല്ലാം തകര്‍ന്ന്'. 'കൂട്ടുകുടുംബമല്ലേ സ്വത്ത് തര്‍ക്കം തന്ന. പിന്ന കാരണവന്‍മാരുടെ നോട്ടക്കുറവ്, കഴിവ് കേട്. ഗുരുദേവന്‍ അവധൂതനായി പോയി. കൃഷ്ണന്‍ വൈദ്യരും മാടനാശാനുമൊക്കെ മരിച്ചപ്പം പിന്നെ ആര് നോക്കാന്‍. സഹോദരിമാര ഭര്‍ത്താക്കന്‍മാരുമൊക്കെ മരിച്ചു. ഭൂമിയൊക്കെ ആളുകള് കൈയ്യേറി. എല്ലാം അന്യം നിന്നു പോയി.' ഒന്നു നിര്‍ത്തി ഗുരുകുലത്തിലേക്ക് നോക്കി അദ്ദേഹം തുടര്‍ന്നു. 'എന്തൊക്ക നഷ്ടപ്പെട്ടാ എന്താ. ലോകത്തിന് മുഴുവന്‍ വെളിച്ചം പകരണ സൂര്യതേജസ്സിനെ നമുക്ക് കിട്ടീലേ.'' എന്ത്, എല്ലാരും കൂട ഇവിട ഇരിക്കണത്'. സന്ധ്യാ പൂജയ്ക്കായി വന്ന ഗുരുകുലം കാര്യദര്‍ശി അമൃതാനന്ദ സ്വാമിയുടെ ചോദ്യം ഞങ്ങളെ സ്ഥലകാലങ്ങളിലേക്ക് തിരികെ എത്തിച്ചു. മറ്റുള്ളവര്‍ പിരിഞ്ഞു പോയി, ഞാന്‍ മാത്രമായി, കണ്ണുകളടച്ചിരുന്നു. മനസ്സില്‍ ഒരു ചലച്ചിത്രം രൂപം കൊള്ളുകയാണ്. കണ്ണെത്താദൂരത്തോളം കതിരിട്ട വയലേലകള്‍. ഇവിടെ ചുറ്റിലുമുള്ള കെട്ടുകളില്‍ നിന്നും നിലവിളികള്‍ ഉയരുന്നു. ഒരു മരണം. ബന്ധുക്കള്‍ കൂടിനില്ക്കുന്നുണ്ട്. കിഴക്കേപറമ്പിലെ പ്ലാവിന്‍ ചോട്ടില്‍ ഒറ്റയ്ക്ക് നില്ക്കുകയാണ്, മരണമെന്ന സത്യം ഉലച്ച മനസ്സുമായി ബാലനായ നാണു. ജഡം തെക്കേപ്പറമ്പില്‍ കത്തിയെരിഞ്ഞു കഴിഞ്ഞപ്പോഴും അവന്‍ അവിടെത്തന്നെ ഇരുന്നു. പെട്ടെന്ന് വീടിനുള്ളില്‍ നിന്നും ഉറക്കെയുള്ള സംസാരത്തിന്റേയും, പൊട്ടിച്ചിരികളുടേയും ഒച്ച ഉയര്‍ന്നു. ബന്ധുക്കളുടെ ഒത്തുചേരല്‍. നാണു അമ്പരന്നു പോയി. ഇതെന്തു കഥ.മരണത്തിനു മുന്നില്‍ ഇവര്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു. ഒന്നും മനസ്സിലാകുന്നില്ല. കനം കെട്ടിയ ഹൃദയവുമായി നാണു എഴുന്നേറ്റ് നടന്നു കാട്ടുംപുറം കുന്നിലേക്ക്. ഗുരുകുലത്തിലെ പൂജയുടെ മണിയടി എന്നെ ഉണര്‍ത്തി.
വയല്‍വാരം തറവാടിന്റെ സാങ്കല്പിക പുന:സൃഷ്ടി
ഗുരുവിന്റെ ജന്മഭവനം അതിന്റെ പൂര്‍ണ്ണതയില്‍ സാങ്കല്പികമായി പുന:സൃഷ്ടിക്കണമെന്ന ആഗ്രഹം പലരുടെ ഉള്ളിലും പല കാലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും അതിന് സാക്ഷാത്കാരം ഉണ്ടായത് ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസിശ്രേഷ്ഠനായ അഭയാനന്ദ സ്വാമികള്‍ ചെമ്പഴന്തി ഗുരുകുലം കാര്യദര്‍ശിയായി വന്നപ്പോഴാണ്. ചെറുപ്പം മുതല്‍ തന്നെ ഗുരുവിന്റെ കുടുംബ പശ്ചാത്തലം, ജന്മഗൃഹം, പൂര്‍വ്വികര്‍ ഇവയെല്ലാം അഭയാനന്ദ സ്വാമിക്ക് വളരെയേറെ താല്പര്യമുള്ള വിഷയങ്ങളായിരുന്നു. ഗുരുവിന്റെ നേര്‍ ശിഷ്യനായ ധര്‍മ്മതീര്‍ത്ഥ സ്വാമിയോടും, മാവേലിക്കരയില്‍ ധര്‍മ്മാശ്രമം സ്ഥാപിച്ച ഗുരു ശിഷ്യന്‍ സ്വാമി ധര്‍മ്മാനന്ദയുമായും മറ്റും ഉള്ള ആശയ വിനിമയത്തിലൂടെയാണ് അഭയാനന്ദ സ്വാമിക്ക് തന്റെ ഇഷ്ടവിഷയത്തിലുള്ള പല അറിവുകളും ലഭിച്ചത്. അങ്ങനെ കേട്ടറിഞ്ഞ കാര്യങ്ങളും സങ്കല്പങ്ങളും, തന്റെ ഭാവനയും ഒത്തുചേര്‍ന്ന് അഭയാനന്ദ സ്വാമിക്ക് ഒരു പുലര്‍കാല സ്വപ്നത്തില്‍ ഗുരുദേവന്റെ ജന്മഭവനവും, അമ്പലവും, എല്ലാ വിശദാംശങ്ങളോടേയും ദൃശ്യമായി. ഉറക്കമുണര്‍ന്ന ഉടനെ തന്നെ തന്റെ മനസ്സില്‍ പൂര്‍ണ്ണതയോടെ തെളിഞ്ഞു നില്ക്കുന്ന ചിത്രത്തിന്റെ രൂപരേഖ പേപ്പറില്‍ പകര്‍ത്തിവെച്ചു. ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന് ദൃശ്യാവിഷ്‌കാരം നല്കണമെന്ന ആശ അങ്കുരിച്ചു. പതിയെ അത് തീവ്രമായി. അങ്ങനെയാണ് ഗുരുഭക്തനും, വാസ്തുവിദ്യാ വിദഗ്ദ്ധനും, കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുന്ന വ്യക്തിയുമായ ചെമ്പഴന്തി സുനില്‍ കുമാറുമായി സ്വാമി ഇക്കാര്യം സംസാരിക്കുന്നത്. എല്ലാം വിശദമായി കേട്ട സുനില്‍, സ്വാമിയുമായി എത്തിയതോ, ചെമ്പഴന്തിയില്‍ കഴിഞ്ഞ 27 വര്‍ഷങ്ങളായി ബില്‍ഡിംഗ് ഡിസൈന്‍ പഠിപ്പിക്കുന്ന സ്ഥാപനമായ 'സായി കാഡിലാണ്.' അതിന്റെ ഉടമ, ഗുരുദേവ ഭക്തനും എന്‍ജിനീയറുമായ ബാബുരാജ്, സ്വാമിയെ സ്വീകരിച്ചു. താന്‍ വരച്ച രൂപരേഖ വെച്ച് എല്ലാം വിശദമാക്കിയ ശേഷം സ്വാമി, 'ഇത് ചെയ്യിക്കാന്‍ എന്റെ കൈയ്യില്‍ പണമൊന്നുമില്ല'. 'പണമൊന്നും വേണ്ട സ്വാമി. ഇത് ഞാന്‍ വെല്ലുവിളിയായി, നിയോഗമായി എറ്റെടുക്കുകയാണ്.' ബാബുരാജിന്റെ ഉറപ്പ്. കാര്യത്തിലേക്ക് കടന്നപ്പോഴാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളിയുടെ ആഴം ബാബുരാജിനും അയാളുടെ വിദ്യാര്‍ത്ഥികളും, സഹായികളുമായ മുനീറിനും, വിഷ്ണുവിനും ബോധ്യമായത്. അങ്ങനെ 200 വര്‍ഷങ്ങളോളം പഴക്കമുള്ള, തെക്കന്‍ തിരുവിതാംകൂറിലെ ചില തറവാടുകളും, ഗുരുദേവന്റെ അമ്മാവന്റെ ഭവനം, ചെമ്പഴന്തി പിള്ളയുടെ സഹോദരിയുടെ ഭവനം (കണ്ണങ്കര - ഇത് സമീപകാലത്ത് പൊളിച്ചുമാറ്റി), ഗുരുവിന്റെ കുടുംബത്തില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട മുട്ടിയാട് ഗൃഹം എന്നിവയില്‍ വിശദമായ പഠനം നടത്തിയതില്‍ നിന്നും, എല്ലാ തറവാടുകളിലും മൂലഗൃഹം, പടിപ്പുര, അടുക്കള, പത്തായപ്പുര തുടങ്ങി തൊഴുത്തിന്റേയും ഒക്കെ സ്ഥാനങ്ങള്‍ ഒരു പോലെയാണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. വലിയ തറവാടുകളില്‍ സൂതികാഗൃഹം അഥവാ പ്രസവപ്പുര ഉണ്ടായിരിക്കും, അത് വടക്കുവശത്തുമായിരിക്കും. ഗുരുദേവ കുടുംബത്തിന്റെ സൂതികാഗൃഹമായ ഇപ്പോഴുള്ള വയല്‍വാരം വീടിന്റേയും, ക്ഷേത്രത്തിന്റേയും അളവുകള്‍ എടുത്ത്, മൂലഗൃഹത്തിന്റേയും മറ്റു കെട്ടുകളുടേയും അളവുകള്‍ ശേഖരിച്ച് തിട്ടപ്പെടുത്തി, സ്ഥാനങ്ങള്‍ നിശ്ചയിച്ച്, അഭയാനന്ദ സ്വാമികളെ ബോധ്യപ്പെടുത്തി. അങ്ങനെ 7-8 മാസങ്ങള്‍ നീണ്ട അക്ഷീണ പ്രയത്നം. ദൗത്യം പൂര്‍ത്തിയായി. ഇതില്‍ മുനീറിന്റെ യത്നം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നതാണ്.
ഈ ദ്യശ്യാവിഷ്‌കാകാരത്തില്‍ ക്ഷേത്രം രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായ ഒരു പാകപ്പിഴ വളരെ അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. ഇത്ര കൃത്യതയോടെ ചെയ്തിട്ടും, ഇപ്പോള്‍ ഗണപതി വിഗ്രഹം ഇരിക്കുന്ന ഭാഗത്തുള്ള വാതില്‍ ഉള്‍പ്പെടുത്താന്‍ വിട്ടു പോയി. അത് ബാബുരാജിനേയും കൂട്ടരേയും അതിയായി വിഷമിപ്പിച്ചു. പിന്നീടാണ് അത്ഭുതത്തോടെ മനസ്സിലായത് ഗുരുവിന്റെ കാലത്ത് അങ്ങനെ ഒരു ഗണപതിവിഗ്രഹമോ, വാതിലോ അവിടെ ഉണ്ടായിരുന്നില്ല എന്ന കാര്യം. തന്റെ ശിഷ്യനായ അഭയാനന്ദ സ്വാമികളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രയത്നിച്ചവരുടെ പ്രവര്‍ത്തനങ്ങളില്‍ എത്ര സൂക്ഷ്മമായാണ് ഗുരുദേവന്‍ ഇടപെടുന്നത് എന്ന് അത്ഭുതാദരവുകളോടെ മാത്രമേ നമുക്ക് ചിന്തിക്കാന്‍ കഴിയൂ.
ഒരിക്കല്‍ അമ്പലത്തിനു വേണ്ടിയും മറ്റും ധനശേഖരണാര്‍ത്ഥം ഗുരുവും കൂട്ടരും പോകുന്ന വഴിക്ക് സതീര്‍ത്ഥ്യനും, സുഹൃത്തുമായ ചട്ടമ്പിസ്വാമിയെ കണ്ടു. 'ഇപ്പോള്‍ പ്രവര്‍ത്തിയാരാണല്ലേ'. ചട്ടമ്പിസ്വാമിയുടെ ചോദ്യം.'പ്രവര്‍ത്തിയുണ്ട്, ആരില്ല.' ഗുരുവിന്റെ മറുപടി. ആ'ആര്' ഇല്ലാതാക്കാന്‍ വേണ്ടിയല്ലേ ഗുരുദേവന്‍ കുടുംബവും, സ്വത്തുവകകളും സൗഭാഗ്യങ്ങളും എല്ലാം ഉപേക്ഷിച്ചത്. അതു കൊണ്ട് തന്നെയാണ് പ്രകൃതിക്ക് അപ്പുറം പോകാനും, പ്രപഞ്ചത്തിന്റെ ഉണ്മ ദര്‍ശിക്കാനും, ഈശ്വരനെന്ന മഹാ ജ്ഞാനത്തെ അനുഭവിച്ചറിയാനും കഴിഞ്ഞത്. അതിനാല്‍ ദാരിദ്ര്യത്തില്‍ ജനിച്ച്, ഭൗതികലോകത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച, മഹാത്മാക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരോട് ഗുരുദേവനെ താരതമ്യം ചെയ്യുന്നതും, അവരെപ്പോലെ കാണാന്‍ ശ്രമിക്കുന്നതും ബാലിശവും, മൂഢതയുമാണെന്നേ പറയാന്‍ കഴിയൂ.

