വോട്ടെടുപ്പിന് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍; ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തൃണമൂല്‍

കൊൽക്കത്ത: വോട്ടെടുപ്പിന് നാട്ടിലെത്താൻ വോട്ടർമാർക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്ന കേന്ദ്ര സർക്കാൻ നടപടി വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് പരാതി. തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഡെറിക് ഒബ്രയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ ആണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് നടപടി.ബിജെപി തെരഞ്ഞെടുപ്പ് പരസ്യമായി ലംഘിക്കുന്നു എന്നാണ് പ്രത്യേക ട്രെയിൻ അനുവദിച്ച വിഷയം ചൂണ്ടിക്കാട്ടി ടിഎംസി നേതാവിന്റെ ആക്ഷേപം. വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പ്രത്യേത ട്രെയിനുകളെന്നും അദ്ദേഹം ആരോപിച്ചു.
'കേന്ദ്ര സർക്കാരിന്റെ ഭരണ നിയന്ത്രണത്തിലാണ് ഇന്ത്യൻ റെയിൽവേ, തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നേരിട്ടോ അല്ലാതെയോ റെയിൽവെയെ ഉപയോഗിക്കാൻ ആകില്ല. പൊതു ഖജനാവിന്റെ ചെലവിൽ ഗതാഗതം ക്രമീകരിക്കുന്നതിൽ ബിജെപിയുടെ ഇടപെടൽ തെറ്റാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതുൾപ്പെടെ ചട്ട ലംഘനങ്ങളിൽ പെടുന്നതാണ് ഈ നീക്കം. ഇത്തരം നീക്കങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നും ഡെറിസ് ഒബ്രയാൻ കത്തിൽ പറയുന്നു.ഒഡീഷയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഇത്തരത്തിൽ ട്രെയിനുകൾ ബംഗാളിലേക്ക് സർവീസ് നടത്തിയെന്നും ടിഎംസി ആരോപിക്കുന്നു. സൂറത്തിൽ നിന്ന് ബംഗാളിലേക്കുള്ള പ്രത്യേക ട്രെയിനുകളിൽ തൃണമൂൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യാൻ പ്രചാരണം നടക്കുന്നുണ്ടെന്നും നേതാക്കൾ ആരോപിക്കുന്നു. ഏപ്രിൽ 23, 29 തിയ്യതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാലിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 4 ന് ഫലം പ്രഖ്യാപിക്കും.

