Kaumudi Plus

കുട്ടികളിലെ സോഷ്യൽമീഡിയ ഉപയോഗം ;നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

കുട്ടികളിലെ സോഷ്യൽമീഡിയ ഉപയോഗം ;നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം
X

ന്യൂഡൽഹി: കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ നടപടിയുമായി കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8 മുതൽ 12 വയസ്, 12-16, 16-18 എന്നീ പ്രായപരിധിക്കാരെ മൂന്ന് വിഭാഗമായി തിരിച്ച് സമൂഹമാധ്യമ ഇടപെടലുകളിൽ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. സോഷ്യൽ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ടായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയ പൂർണമായും നിരോധിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും 18 യസിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് പരിഗണിക്കുന്നതെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനിക്കുന്നത്.

കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാബിനറ്റിൽ അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത 90 ദിവസത്തിനുള്ളിൽ 13 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ആന്ധ്രാപ്രദേശ് നിർദേശിച്ചിരുന്നു. അതേസമയം 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി.കുട്ടികൾക്ക് വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിൻ ചെയ്യാൻ അനുവാദം നൽകാതിരിക്കുക, നിശ്ചിത സമയം മാത്രം ഇവ ഉപയോഗിക്കാൻ അനുവാദം നൽകുക തുടങ്ങിയ സമയപരിധി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്തോനേഷ്യ ഈ മാസം 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമത്തിൽ നിരോധം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ കൊണ്ടുവന്നതിന് സമാനമായി കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

Next Story
Share it