Kaumudi Plus

ഒളിവിൽ പോകാൻ രാഹുലിന് കാർ നൽകിയ നടിയിൽ നിന്ന് വിവരം തേടി എസ്ഐടി

SIT quizzes actress over car used in Rahul's escape

ഒളിവിൽ പോകാൻ രാഹുലിന് കാർ നൽകിയ നടിയിൽ നിന്ന് വിവരം തേടി എസ്ഐടി
X

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോകാൻ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമസ്ഥയായ സിനിമാ നടിയെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).


കാർ രാഹുലിന് എത്തിച്ചുകൊടുത്തത് ഏത് സാഹചര്യത്തിലാണെന്നും അതിന് പിന്നിലുള്ള ബന്ധം എന്താണെന്നും പൊലീസ് ആരാഞ്ഞു. രാഹുൽ തന്റെ അടുത്ത സുഹൃത്താണെന്നാണ് നടി മറുപടി നൽകിയത്. ബെംഗളൂരുവിൽ താമസിക്കുന്ന നടിയെ ഫോണിലൂടെയാണ് എസ്ഐടി ബന്ധപ്പെട്ടത്.

രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ പാലക്കാട്ടെ പുതിയ ഫ്ലാറ്റിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഈ നടി. അന്നത്തെ ചടങ്ങിന് ശേഷം അവരുടെ ചുവന്ന പോളോ കാർ തന്നെയാണ് രാഹുൽ ഒളിവിൽ പോകാൻ ഉപയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലക്കാട് നിന്ന് രക്ഷപ്പെടാൻ രാഹുൽ ഉപയോഗിച്ചത് ഈ കാർ തന്നെയാണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.


ആ കാർ പിന്നീട് പാലക്കാട്ടെ ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നതായും പൊലീസിന് വിവരം കിട്ടി. ആ നേതാവ് രാഹുലിന്റെ രക്ഷപ്പെടലിന് സഹായം ചെയ്തിട്ടുണ്ടോ എന്ന കാര്യവും എസ്ഐടി പരിശോധിക്കുന്നുണ്ട്.


വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നിന്ന് ചുവന്ന പോളോ കാറിൽ പുറപ്പെട്ട രാഹുൽ ആദ്യം പോയത് പൊള്ളാച്ചിയിലേക്കാണ്. പിന്നീട് ഹൈവേ ഒഴിവാക്കി കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലെത്തി. അവിടെ നിന്ന് തമിഴ്നാട്–കർണാടക അതിർത്തിയായ ബാഗലൂരിലെ ഒരു റിസോർട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. ഞായറാഴ്ച മുതൽ അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്ന രാഹുൽ, പൊലീസ് എത്തുമെന്നറിഞ്ഞ് ഇന്നലെ രാവിലെ തന്നെ അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് കർണാടകത്തിലേക്ക് കടന്നതായാണ് വിവരം. കാറുകൾ മാറിമാറി ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നാണ് പൊലീസിന് സംശയം. ബെംഗളൂരുവും കർണാടകയിലെ ആന്തരിക മേഖലകളും കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി ജോബി ജോസഫും രാഹുലിനൊപ്പം ഒളിവിലുണ്ടെന്നാണ് വിവരം.


ഏഴാം ദിവസവും രാഹുൽ പിടിയിലാകാതെ തുടരുന്നു. കർണാടകയിൽ രാത്രി മുഴുവൻ വ്യാപക പരിശോധന നടന്നു; കൂടുതൽ പൊലീസ് സംഘങ്ങൾ അവിടേക്കെത്തി തിരച്ചിൽ ഊർജിതമാക്കി.


അതേസമയം, പരാതിക്കാരിയുടെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഗർഭച്ഛിദ്രം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും തെളിവുകൾ ശേഖരിച്ചു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി കടുത്ത ശാരീരിക-മാനസിക പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകി.


രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്നും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങൾ രാഹുലും സംഘവും കെയർടേക്കറെ സ്വാധീനിച്ച് നശിപ്പിച്ചെന്നായിരുന്നു എസ്ഐടിയുടെ പ്രാഥമിക നിഗമനം. എന്നാൽ വ്യാഴാഴ്ച വൈകിട്ട് 4.30ന് ജോലി കഴിഞ്ഞ് വീട്ടിൽ പോയെന്നും സിസിടിവി സിസ്റ്റത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നുമാണ് കെയർടേക്കർ മൊഴി നൽകിയത്. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി ചുവന്ന കാർ ഫ്ലാറ്റിന്റെ പാർക്കിംഗിലുണ്ടായിരുന്നുവെന്നും വ്യാഴാഴ്ചയ്ക്ക് ശേഷം അത് വന്നിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.


ഇതിനിടെ, ഇന്നലെ രാഹുലിനെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി കൂടി പുറത്തുവന്നു. കെപിസിസി നേതൃത്വത്തിന് ലഭിച്ച പരാതി പോലീസിന് കൈമാറി. ഈ പരാതിയിലും ഉടൻ കേസെടുക്കാനാണ് സാധ്യത.

Tags:
Next Story
Share it