'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു';സമൂഹ മുന്നേറ്റത്തിന് മാതൃകയായ വനിതകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

കൊച്ചി: 'നിശബ്ദതയിൽ പോലും അവൾ ചരിത്രം കുറിക്കുന്നു' ബാലാമണിയമ്മയുടെ വരികൾ ഉദ്ധരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹത്തിൽ ഇത്തരത്തിൽ ചരിത്രം കുറിച്ച വനിതകളെയാണ് ദേവി അവാർഡ് നൽകി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഇവിടെ ആദരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
'നിശബ്ദതയിലും സ്ത്രീകൾ ചരിത്രം കുറിക്കുന്നു, എത്ര സത്യമാണത്. സമൂഹത്തിൽ സ്ത്രീകൾ വേണ്ടത്ര ശ്രദ്ധനേടാതെ കൂടുതലായി ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ ആഴമേറിയതും എന്നും നിലനിൽക്കുന്നതുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.വിവിധ മേഖലകളിൽ സമൂഹ മുന്നേറ്റത്തിന് മാതൃകയായ വനിതകൾക്ക് നൽകുന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ 38ാമത് ദേവി അവാർഡുകൾ സുരേഷ് ഗോപി സമ്മാനിച്ചു. ഇത്തവണ പതിനൊന്ന് വനിതകളെയാണ് ആദരിച്ചത്. ഡോ. സോസമ്മ ഐപ്. ലിറ്റി ചാക്കോ, നളിനി ചന്ദ്രൻ, പിഎസ് ജലജ, കപില വേണു, പി ഭാനുമതി, രേഷ്മ സുരേഷ്, രാധാമണി അമ്മ, പാരീസ് ലക്ഷ്മി, അഭയ ഹിരൺമയി എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.
ഇത് മൂന്നാം തവണയാണ് കൊച്ചി ദേവി അവാർഡ് ചടങ്ങിന് ആതിഥ്യം വഹിക്കുന്നത്. 2014ൽ ആരംഭിച്ചത് മുതൽ ഇന്ത്യയിലെ 10 നഗരങ്ങളിലായി സംഘടിപ്പിക്കപ്പെട്ട 'ദേവി അവാർഡ്‌സ്', കല, കായികം, സിനിമ, ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ മുന്നൂറിലധികം സ്ത്രീകളെ ആദരിച്ചിട്ടുണ്ട്.

