പണം കൈപറ്റി വെബ് സീരീസിന് റിവ്യൂ എഴുതി എന്ന ആരോപണത്തോട് രൂക്ഷമായ പ്രതികരണവുമായി ശശി തരൂർ

ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരിസിനെ പ്രശംസിച്ചു കൊണ്ട് ശശി തരൂർ എക്‌സിൽ എഴുതിയ റിവ്യൂ വളരെയധികം തരംഗമാകുന്നു .
പണം കൈപറ്റിയാണ് ശശി തരൂർ ഇത്തരത്തിൽ റിവ്യൂ എഴുതിയത് എന്ന വിമർശനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ് .തന്നെ വിൽപ്പനയക്ക് വെച്ചിരിക്കുകയല്ലെന്നായിരുന്നു തരൂർ ആരോപണങ്ങളോട് മറുപടി നൽകിയത് .
ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരിസ് തന്നെ വളരെയധികം അത്ഭുതപ്പെടുത്തി എന്നായിരുന്നു ശശി തരൂർ എക്‌സിലൂടെ വ്യക്തമാക്കിയത് .
ഈ പോസ്റ്റിനു താഴെ ശശി തരൂരിന്റെ പുതിയ സൈഡ് ബിസിനസ് - പെയ്ഡ് റിവ്യൂകൾ എന്ന് ഒരാൾ കമന്റ് ഇടുകയും ഇത്തരത്തിലുള്ള പരിഹാസത്തിനെതിരെ ആയിരുന്നു തരൂർ മറുപടി നൽകുകയും ചെയ്തത് .
"സുഹൃത്തേ, ഞാൻ വില്പനയ്ക്കുള്ളവനല്ല. ഞാൻ പ്രകടിപ്പിക്കുന്ന ഒരഭിപ്രായത്തിനും ആരും എനിക്ക് പണമായോ മറ്റെന്തെങ്കിലും രൂപത്തിലോ പ്രതിഫലം നൽകിയിട്ടില്ല. ഇത്തരത്തിലാണ് തരൂർ മറുപടി നൽകിയത് .
ജലദോഷവും ചുമയും കാരണം രണ്ട് ദിവസത്തെ തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കുകയും തന്റെ സ്റ്റാഫും സഹോദരി സ്മിത തരൂരും കുറച്ചുനേരം കമ്പ്യൂട്ടറിൽ നിന്ന് മാറി ഒരു നെറ്റ്ഫ്ളിക്സ് സീരീസ് കാണാൻ പ്രേരിപ്പിച്ചതിനെത്തുടർന്നു ബാഡ്സ് ഓഫ് ബോളിവുഡ് കാണുകയും ആയിരുന്നു എന്നാണ് ശശി തരൂർ പറയുന്നത്
.
ശശി തരൂരിന്റെ വാക്കുകളിലേക്ക്
ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റമായ 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' ഇപ്പോൾ കണ്ടുതീർത്തു. പ്രശംസിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. പതിയെയാണ് ഇത് നമ്മളിലേക്ക് എത്തുന്നത്, പക്ഷേ പിന്നീട് അതിൽ നിന്ന് കണ്ണെടുക്കാനാവില്ല! മൂർച്ചയേറിയ എഴുത്ത്. നിർഭയമായ സംവിധാനം. ഈ ആക്ഷേപഹാസ്യത്തിന്റെ ധൈര്യം ബോളിവുഡിന് അത്യാവശ്യമായിരുന്നു. ഗ്ലാമറിനപ്പുറമുള്ള, പ്രതിഭാധനവും പലപ്പോഴും തമാശ നിറഞ്ഞതും, ചിലപ്പോൾ ഹൃദയസ്പർശിയായതും, എപ്പോഴും ഉറച്ചതുമായ ഒരു കാഴ്ചയാണിത്. എല്ലാ സിനിമാറ്റിക് ക്ലീഷേകളെയും മൂർച്ചയേറിയ നർമ്മം കൊണ്ട് പരിഹസിക്കുന്നു. ഒപ്പം, പ്രേക്ഷകരെ കഥയുടെ ഭാഗമാക്കുകയും അണിയറ രഹസ്യങ്ങൾ അറിയിക്കുകയും ചെയ്യുന്ന ഇൻസൈഡർ തമാശകളും ഇതിലുണ്ട്.ആകർഷകമായ ഏഴ് എപ്പിസോഡുകൾ ഒരു യഥാർത്ഥ കഥാകാരന്റെ വരവറിയിക്കുന്നു. ആര്യൻ ഖാൻ, നിങ്ങളെ നമിക്കുന്നു—നിങ്ങളൊരു മാസ്റ്റർപീസ് ആണ് സമ്മാനിച്ചത്. ഷാരൂഖ് ഖാന് മകനെയോർത്തു അഭിമാനിക്കാം .ഇങ്ങിനെയാണ് തരൂർ നിരൂപണം അവസാനിപ്പിക്കുന്നത് .ബോളിവുഡ് ഇൻഡസ്ട്രിയിൽ നിൽക്കുന്നവർ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ആക്ഷേപ ഹാസ്യ രൂപേണ ആര്യൻ ഖാൻ ഈ വെബ്സീരിസിലൂടെ പ്രതിപാദിക്കുന്നത് .

