Kaumudi Plus

തമിഴ്‌നാട്ടിൽ വിജയ്ക്ക് തിരിച്ചടി ;സത്യപ്രതിജ്ഞ ഇന്ന് ഇല്ല ; 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

തമിഴ്‌നാട്ടിൽ വിജയ്ക്ക് തിരിച്ചടി ;സത്യപ്രതിജ്ഞ ഇന്ന് ഇല്ല ; 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍
X

ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക് തിരിച്ചടി. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചു . കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ 118 എംഎൽഎമാരുടെ കത്ത് നൽകണമെന്ന നിലപാടിലാണ് ഗവർണർ. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എൽ എമാർ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാർട്ടിയും നൽകിയത്. എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകും.ഇന്നോ മറ്റന്നാളോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു വിജയ്. ഗവർണർ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. ഗവർണർ അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കാമെന്ന് വിചാരിച്ചിരിക്കെയാണ് ഗവർണറുടെ ഭാഗത്തു നിന്നുള്ള നീക്കം.നേരത്തെ എം എൽ എമാർക്കൊപ്പം എത്തിയാണ് വിജയ്, ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളിലാണ് ടി വി കെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ഇനിയും സീറ്റുകൾ വേണം. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് വിജയ്യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഡി എം കെ സഖ്യകക്ഷികളായ സി പി ഐ (രണ്ട് സീറ്റുകൾ), സി പി എം (രണ്ട് സീറ്റുകൾ), വി സി കെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണയും ടി വി കെ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണം വിജയ്ക്ക് വലിയ പ്രതിസന്ധിയായി മാറിയേക്കും.

Next Story
Share it