Kaumudi Plus

സിഎംആര്‍എല്ലിന് തിരിച്ചടി;എക്‌സാലോജിക് കേസില്‍ , ഇഡി അന്വേഷണം തുടരാം ,സ്റ്റേ ഇല്ല

സിഎംആര്‍എല്ലിന് തിരിച്ചടി;എക്‌സാലോജിക് കേസില്‍ , ഇഡി അന്വേഷണം തുടരാം ,സ്റ്റേ ഇല്ല
X

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി .ഇഡിക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.അടിസ്ഥാനമായ കേസ് ഇല്ലാതെയാണ് ഇഡി സമൻസ് അയക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയതെന്ന് സിഎംആർഎല്ലിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്ര പറഞ്ഞു. തുടർന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയിൽ വിശദീകരിച്ചു. രണ്ടു വർഷത്തോളം നീണ്ട കേസായതിനാൽ ഇനി വൈകിപ്പിക്കേണ്ടതില്ലെന്നും, ഇന്നു തന്നെ വിശദമായ വാദം കേൾക്കാമെന്നും ഹൈക്കോടതി ഇരു കൂട്ടരെയും അറിയിച്ചു.

ഇന്നു തന്നെ വിശദമായ വാദം കേൾക്കാമെന്ന് രണ്ടു കൂട്ടരും കോടതിയിൽ സമ്മതിച്ചു. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരായത്. കേസിന്റെ വാദം പൂർത്തിയാകുന്നതു വരെ ഇഡി അന്വേഷണത്തിൽ താൽക്കാലിക സ്റ്റേ വേണമെന്ന സിഎംആർഎല്ലിൻറെ ആവശ്യം കോടതി നിരാകരിച്ചു. നിലവിലെ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവനും, കെ വി ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഒരു എഫ്‌ഐആർ പോലും ഇടാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, അധികാര പരിധി മറികടന്നുകൊണ്ടാണ് ഇഡി അന്വേഷണം നടത്തുന്നതെന്നും സിഎംആർഎൽ വാദിച്ചു. ഇഡിയുടെ സമൻസിന് അന്വേഷണ സ്വഭാവമില്ലെന്നും സിഎംആർഎൽ അഭിഭാഷകൻ പറഞ്ഞു. കേസിൽ പിണറായി വിജയന്റെ മകൾ ടി വീണയുടെ അക്കൗണ്ട് അടക്കം പ്രധാനപ്പെട്ട 200 ഓളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും, ലോക്കർ തുറന്നു പരിശോധിക്കുക അടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കുകയും ചെയ്തിരിക്കുകയാണ്.സിഎംആർഎൽ- എക്‌സാലോജിക് കേസിൽ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോകാമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും, അന്വേഷണം നിർത്തിവെക്കാൻ അടിയന്തരമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് സിഎംആർഎൽ ഹർജിയിൽ ആവശ്യപ്പെട്ടത്. വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നും, വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ കോടതിയെ അറിയിച്ചു. ചെയ്യാത്ത സേവനത്തിനാണ് വേതനം കൈപ്പറ്റിയതെന്നും, രണ്ടു കോടിയിലേറെ തുക കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

Next Story
Share it