മുഖ്യമന്ത്രി ചർച്ചയിൽ രഹസ്യ കൂടിക്കാഴ്ച ;രാഹുൽ ഗാന്ധിക്ക് താല്പര്യം കെ സി വേണുഗോപാലിനെ ,റിപ്പോർട്ട്

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കെ സി വേണുഗോപാലും രാഹുൽഗാന്ധിയും സ്വകാര്യ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ .മുഖ്യമന്ത്രിസ്ഥാനം കെസി വേണുഗോപാലിനു നൽകാനാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് താത്പര്യമെന്നു റിപ്പോർട്ടുകൾ പറയുന്നു . മുഖ്യമന്ത്രിയാകാൻ വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരാണ് മത്സരിക്കുന്നത്. മൂന്ന് പേരുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് ഹൈക്കമാൻഡ് മൂന്ന് മണിക്കൂറിനടുത്തു ചർച്ച നടത്തിയിരുന്നു.
കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യവും തന്റെ തീരുമാനം പിന്തുണയ്ക്കണമെന്നു ആവശ്യപ്പെട്ടും രാഹുൽ ഗാന്ധി വരും ദിവസങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കാണുമെന്നും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നുമാണ് പാർട്ടിയോടു അടുത്തവൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഹൈക്കമാൻഡ് കൂടിക്കാഴ്ച നടക്കുന്നതിനു മുൻപാണ് രാഹുൽ ഗാന്ധി വേണുഗോപാലുമായി പ്രത്യേക ചർച്ച നടത്തിയത്.
നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണുഗോപാലിനു തന്നെയാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. എന്നാൽ അദ്ദേഹത്തെ പോലെ ഒരു കേന്ദ്ര നേതാവ് വേണോ അതോ താഴെത്തട്ടിൽ സ്വാധീനമുള്ള പ്രാദേശിക നേതാവ് വേണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിൽക്കുന്നത്. വിഡി സതീശനും രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാക്കളാണ്. സതീശനെ മുഖ്യമന്ത്രിയാക്കാൻ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തണയുമുണ്ട്.
നേതാക്കൻമാരുമായുള്ള ഹൈക്കമാൻഡ് ചർച്ചകൾ അവസാനിച്ചെങ്കിലും പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അടുത്ത ദിവസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയെ താഴെയിറക്കാൻ അഹോരാത്രം പണിയെടുത്തത് വിഡി സതീശനാണെന്ന അഭിപ്രായമാണ് സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കൾക്കുമുള്ളത്. കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായി വേണുഗോപാലിനെതിരെ പരിഹാസ രൂപത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വിഡി സതീശന്റെ പിന്തുണയിലാണെന്ന ആരോപണം അതിനിടെ ഉയർന്നു.
യോഗത്തിനെത്തിയ സതീശനോട് രാഹുൽ ഗാന്ധി ഈ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിനോട് എതിർപ്പുണ്ടെന്നു സതീശൻ രാഹുലിനോടു സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ വേണുഗോപാൽ എംഎൽഎമാരിൽ സമ്മർദ്ദം ചെലുത്തി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് സതീശന്റെ വാദം. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സ്വന്തം നേട്ടത്തിനായി ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാവരേയും ഒപ്പം നിർത്തിയാണ് പ്രവർത്തിച്ചതെന്നും സതീശൻ രാഹുലിനോടു വ്യക്തമാക്കി. നെന്മാറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല മണ്ഡലങ്ങളിൽ വേണുഗോപാൽ ഇടപെട്ട് നിശ്ചയിച്ച സ്ഥാനാർഥികൾ അല്ലായിരുന്നുവെങ്കിൽ പാർട്ടിക്ക് ഇനിയും കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും സതീശൻ നേതൃത്വത്തോടു പറഞ്ഞതായാണ് വിവരം.
തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ ഉടലെടുത്ത മുഖ്യമന്ത്രി തർക്കം പോസ്റ്റർ യുദ്ധത്തിലേക്കും തെരുവ് പ്രതിഷേധങ്ങളിലേക്കും കടന്നത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിരുന്നു. നേതാക്കളുമായുള്ള യോഗത്തിനു പിന്നാലെ ഇതെല്ലാം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകി. രാഹുൽ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്ന മൂന്ന് നേതാക്കളും ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പ്രവർത്തകരോടു ഫ്‌ലക്‌സുകളും മറ്റും അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടതു ഹൈക്കമാൻഡ് വടിയെടുത്തതിന്റെ സൂചനയാണെന്ന വ്യഖ്യാനങ്ങൾ വന്നിരുന്നു.

