Kaumudi Plus

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രികകുടുങ്ങിയ സംഭവം ; ദുരിതമനുഭവിച്ച ഹര്‍ഷിന ജോലിയിൽ പ്രവേശിച്ചു

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രികകുടുങ്ങിയ സംഭവം ; ദുരിതമനുഭവിച്ച ഹര്‍ഷിന ജോലിയിൽ പ്രവേശിച്ചു
X

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് വളരെക്കാലമായി ദുരിതമനുഭവിച്ച ഹർഷിന അതേ മെഡിക്കൽ കോളജിൽ തന്നെ ജോലിയിൽ പ്രവേശിച്ചു. നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. മരണം മുന്നിൽ കണ്ട് ഇനി ജീവിതം ഉണ്ടോ എന്ന് ചിന്തിച്ച സന്ദർഭത്തിൽ നിന്നാണ് തിരിച്ചുകയറിയത്. പുതിയ സർക്കാരിനോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അവർ പറഞ്ഞു.'നാലുവർഷത്തെ പോരാട്ടമാണ് നടന്നത്. പോരാട്ടത്തിന്റെ വിജയമാണ്. മനസിന് ഒരുപാട് സന്തോഷവും മനസിന് ഒരുപാട് സമാധാനവും ഉള്ള ദിവസമാണ്. ഇതുവരെ കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവർക്കുള്ള ശക്തമായ മറുപടിയാണിത്. എന്റെ കൂടെനിന്ന് പൊരുതിയ ഒരുപാട് നല്ല മനുഷ്യരുടെ സപ്പോർട്ടിന്റെ കൂടി വിജയമാണിത്. രാഷ്ട്രീയഭേദമന്യേ എല്ലാവരും സപ്പോർട്ട് ചെയ്തു.

മതവും ജാതിയും ഒന്നും നോക്കാതെ വേദനിക്കുന്ന ഒരു സഹോദരിയുടെ കൂടെ നിന്നു. മനുഷ്യത്വത്തിന്റെ ഭാഗമായി കൂടെനിന്നു. പോരാട്ടത്തിന്റെ വിജയമാണ്. നന്ദിയും കടപ്പാടും ഉണ്ട്'- ഹർഷിന തുടർന്നു.പരാതി നൽകിയ ആശുപത്രിയിൽ തന്നെ ജോലിക്ക് കയറുന്നതിൽ ആശങ്കയില്ല. ആർക്കെതിരെയും വ്യക്തിപരമായി നിന്നിട്ടില്ല. നീതികേടിന് പരിഹാരം എന്നത് മാത്രമായിരുന്നു ആവശ്യം. ആരെയും ഉപദ്രവിക്കാൻ തുനിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന വിഡി സതീശൻ അന്ന് വിഷയം ഏറ്റെടുത്തു എന്നാണ് പറഞ്ഞത്. ഇന്നലെ കണ്ടപ്പോൾ ഞാൻ ചോദിച്ചു ഇനി ഒരു തീരുമാനം ഉണ്ടാകില്ലേ എന്ന്. ഇനി എന്തു തീരുമാനിക്കാനാണ്. അതെല്ലാം തീരുമാനിച്ച് കഴിഞ്ഞതല്ലേ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനല്ലേ ഏറ്റെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അത്രയൊന്നും പ്രതീക്ഷിച്ചില്ല.

മുഖ്യമന്ത്രിയായി കഴിഞ്ഞാൽ മറുപടി എങ്ങനെയാണ് വരിക എന്ന് അറിയില്ലായിരുന്നു. കേരളത്തിലെ ഓരോ ആളുകളും ആഗ്രഹിച്ച നല്ലൊരു മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ കൂടെ നിൽക്കുന്ന മുഖ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി എന്ന് ചിന്തിക്കുമ്പോൾ മനസിൽ ഒരു ചിത്രം ഉണ്ടായിരുന്നു.ഇത്രയും നാൾ അവഗണനയായിരുന്നല്ലോ. കൂടെയുണ്ട് കൂടെയുണ്ട് എന്ന് കുറെക്കാലം പറഞ്ഞു.കൂടെയുണ്ട് എന്ന് പറയാതെ കൂടെ നിന്നതാണ് പുതിയ ആരോഗ്യമന്ത്രി മുരളീധരൻ. അപ്പോൾ തന്നെ ജോലി ഓർഡർ അടിച്ച് തന്നു. ആവശ്യം പറയുന്നതിന് മുൻപ് തന്നെ ജോലി കണ്ടറിഞ്ഞ് തന്നു. സർക്കാരിനോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. തുടർചികിത്സ മുഖ്യമന്ത്രി പേഴ്‌സണലായി ഏറ്റെടുത്തിട്ടുണ്ട്. അത് ഞാൻ ഏറ്റെടുത്തതാണ് എന്നാണ് ഇന്നലെ പറഞ്ഞത്. സർക്കാരിന്റെ ഒന്നും വേണ്ട. നഷ്ടപരിഹാരത്തിൽ നിന്ന് ഒരു രൂപ പോലും ചികിത്സയ്ക്ക് ചെലവാക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി നൽകിയ ഉറപ്പ്'- ഹർഷിന പറഞ്ഞു.

Next Story
Share it