Kaumudi Plus

സതീശന്‍ പറഞ്ഞത് 12 സ്ഥലത്ത് റെയ്ഡ് ചെയ്യാനാ, ഞാന്‍ ചിരിക്കണോ കരയണോ?പരിഹസിച്ച് മുഖ്യമന്ത്രി

സതീശന്‍ പറഞ്ഞത് 12 സ്ഥലത്ത് റെയ്ഡ് ചെയ്യാനാ, ഞാന്‍ ചിരിക്കണോ കരയണോ?പരിഹസിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡിൽമോദി വിഡി ഡീലാണ് നടന്നതെന്ന സിപിഎം ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി . കേന്ദ്ര ഏജൻസി നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടി സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു. അവർ റെയ്ഡ് നടത്തുന്ന കാര്യവും റെയ്ഡ് കഴിഞ്ഞുപോകുന്ന കാര്യവും സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു .

'ഞാൻ ആദ്യമായിട്ടാണ് നരേന്ദ്രമോദിയെ നേരിൽ കാണുന്നത്... മുഖാമുഖം കാണുന്നത്. ഞാൻ ഉടനേതന്നെ പറഞ്ഞു, പിണറായി വിജയൻറെ വീട് ഒന്നു റെയ്ഡ് ചെയ്യണം, നാളെ...ഇഡിയെക്കൊണ്ട്. മോദി അപ്പോത്തന്നെ ഫോണെടുത്ത് കുത്തി. എന്നിട്ടുപറഞ്ഞു, നാളെ രാവിലെ... സതീശൻ വന്നിട്ട് ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞതാണ്. നാളെ രാവിലെ കംപ്ലീറ്റ് സ്ഥലത്തും റെയ്ഡ് ചെയ്യണം. അപ്പോ ഞാൻ പറഞ്ഞു, ഒരു സ്ഥലത്ത് പോര, 12 സ്ഥലത്ത് ചെയ്യണം. ങാ, സതീശൻ പറഞ്ഞേക്കുന്നത് 12 സ്ഥലത്ത് റെയ്ഡ് ചെയ്യാനാണ്... അങ്ങനെ 12 സ്ഥലത്ത് റെയ്ഡ് ചെയ്തു. ഇത് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ആളുകൾ വരെ വന്ന് പത്രക്കാരോട് പറയുകയാണ്. ഞാൻ ചിരിക്കണോ അതോ കരയണോ, ഇതുകേട്ടിട്ട്? നിങ്ങളൊന്നാലോചിക്ക്, നരേന്ദ്രമോദിയെ ആദ്യമായിട്ട് കണ്ട്, മുഖ്യമന്ത്രിയായിട്ട് കാണാൻ പോയപ്പോ, ഇവിടത്തെ പ്രതിപക്ഷനേതാവായിരിക്കുന്ന അദ്ദേഹത്തിൻറെ വീട് റെയ്ഡ് ചെയ്യണമെന്ന്...ഞാൻ. പിണറായി വിജയൻ അങ്ങനെയൊന്നും പറയില്ല കേട്ടോ. എനിക്ക് അദ്ദേഹത്തെക്കുറിച്ച് എനിക്കൊരു റേറ്റിങ് ഉണ്ട്, എൻറെ ഉള്ളിൽ. അദ്ദേഹം അതൊന്നും പറയില്ല'-മുഖ്യമന്ത്രി പരിഹാസം തുടർന്നു.ഈ സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ തമാശയാണിതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 'പ്രധാനമന്ത്രിയെ കണ്ടത് ഔപചാരിക കൂടിക്കാഴ്ചയാണ്. എനിക്ക് മുൻപുണ്ടായിരുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ള മുഴുവൻ മുഖ്യമന്ത്രിമാരും അവരുടെ സ്ഥാനമേറ്റുകഴിഞ്ഞാൽ അവിടെ ആരാണ് പ്രധാനമന്ത്രിയെങ്കിലും പോയി കാണുന്നതാണ് കീഴ്​വഴക്കം. ഞാനും അത് ചെയ്തു. രണ്ടുപ്രാവശ്യവും മുൻമുഖ്യമന്ത്രി (പിണറായി വിജയൻ) അത് ചെയ്തിട്ടുണ്ട്. സിപിഎമ്മുകാർ തമാശ പറയുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പണ്ടേ ഈ കമ്യൂണിസ്റ്റുകാരെക്കുറിച്ച് ഒരു പരാതിയുണ്ട്. ബലംപിടുത്തം കൂടുതലാണ്, സ്റ്റിഫ് ആണെന്ന്. അതൊക്കെ അയഞ്ഞ് അവർ തമാശപറയാൻ തുടങ്ങിയല്ലോ. അതിൽ എനിക്കൊരു സന്തോഷമുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന് എത്തിയ സംഘത്തെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം ആളുകൾ തടഞ്ഞുവയ്ക്കുന്നത് ശരിയാണോയെന്നും സതീശൻ ചോദിച്ചു. അത് അംഗീകരിക്കില്ല. വീണാ വിജയനെതിരെ തങ്ങൾ ഉന്നയിച്ച ആരോപണമാണ് എക്‌സാലോജിക് കേസ്. നാലുകൊല്ലം മുൻപുണ്ടായ കേസിൽ സർക്കാർ ഇറങ്ങുന്നതുവരെ കേന്ദ്ര ഏജൻസി ഒന്നും ചെയ്തിട്ടില്ല. അധികാരത്തിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസി തുടർനടപടികൾ സ്വീകരിച്ചത്. റെയ്ഡിന് പിന്നാലെ പുറത്ത് ഇറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. മോദിയെയോ അമിത് ഷായെയോ കുറിച്ച് ഒന്നും പറഞ്ഞില്ല. രാഹുൽ ഗാന്ധിയാണോ റെയ്ഡിനെ ആളെ വിട്ടതെന്നും സതീശൻ ചോദിച്ചു.. കേന്ദ്ര ഏജൻസികളെ കുറിച്ച് പാർട്ടിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുമ്പോൾ അത് വേണ്ടെന്ന് സർക്കാരിന് പറയാൻ കഴിയുമോ?. രാഹുൽ ഗാന്ധിക്കെതിരായ കേസിനെ കോൺഗ്രസ് രാഷ്ട്രീയമായാണ് നേരിട്ടത്. ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ അതിൽ സർക്കാർ ഇടപെടും. അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ല. അവിടെ ഗുരുതരമായ കുറ്റകൃത്യമാണ് ഉണ്ടായതെന്നും സതീശൻ പറഞ്ഞു.

മാധ്യമങ്ങൾക്കെതിരെയും സതീശൻ രംഗത്തെത്തി. ഒരു കാര്യത്തിൽ മറുപടി പറയാനുള്ള തീരുമാനം തന്റെ അവകാശമാണ്. അതെങ്കിലും തനിക്ക് തരണം. ചോദിക്കുന്നതിനിടെ ഒരു മൈക്ക് തന്റെ മുഖത്ത് വന്നാണ് ഇടിച്ചത്. അപ്പോഴും ഒന്നും പറഞ്ഞില്ല. ഒരുവിഷയത്തിൽ പഠിച്ചിട്ടേ പറയാവൂ എന്നതാണ് തന്റെ രീതി. താൻ ഒളിച്ചോടുന്ന ആളാണോയെന്നും സതീശൻ ചോദിച്ചു. . ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ മറുപടി പറയാനുള്ള അവകാശം തനിക്ക് തരണം. അത് ഒരു അപേക്ഷയാണ്. മൗനി ബാബയെന്നടക്കം മാധ്യമങ്ങൾ തന്നെ വിമർശിച്ചു. നിങ്ങൾക്ക് മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായിയുടെ അടുത്തേക്ക് പോകാൻ പോലും കഴിയുമായിരുന്നോ?. അതുമായി തന്നെ താരതമ്യം ചെയ്യരുത്. താൻ മറുപടി പറയേണ്ട സമയം തീരുമാനിക്കേണ്ടത് താൻ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story
Share it