Kaumudi Plus

'എന്നെ തെറ്റിദ്ധരിച്ചത് വേദനിപ്പിച്ചു; നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’: വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ

Saji Cherian withdraws his communal comment

എന്നെ തെറ്റിദ്ധരിച്ചത് വേദനിപ്പിച്ചു; നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’: വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ
X

തിരുവനന്തപുരം: വിവാദമായ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പാർട്ടി നിർദേശപ്രകാരമാണ് ഈ ഖേദപ്രകടനവും പ്രസ്താവന പിൻവലിക്കലും നടത്തിയത്.

കാസർഗോഡും മലപ്പുറവും പോലുള്ള സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കിയാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഈ പ്രസ്താവനയ്ക്കെതിരെ സിപിഐഎം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. പ്രസ്താവന തള്ളുകയോ സജി ചെറിയാനെ കൊണ്ട് തിരുത്തിക്കുകയോ വേണമെന്ന നിലപാടാണ് പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഉന്നയിച്ചത്.

ചെങ്ങന്നൂരിൽ വൈകുന്നേരം നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കി, പകരം വാർത്താക്കുറിപ്പിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കരുതെന്ന പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണിതെന്നാണ് വിവരം.


സജി ചെറിയാൻ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ:

"കഴിഞ്ഞ ദിവസം ഞാൻ നടത്തിയ പ്രസ്താവനയിലെ വാക്കുകളെ വളച്ചൊടിച്ച് ഒരു പ്രത്യേക വിഭാഗത്തിനെതിരെയാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു. എന്റെ ജീവിതകാലം സ്വീകരിച്ചും പുലർത്തിയും വന്ന മതനിരപേക്ഷ നിലപാടിനെത്തന്നെ വ്രണപ്പെടുത്തുന്നതാണ് ഈ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. ജാതി-മത വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തുവരുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഞാൻ ഒരിക്കലും സഹിക്കാനാവാത്ത കാര്യമാണ്.

"രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടക്കുമ്പോഴെല്ലാം അതിനെതിരെ ശക്തമായി പ്രതികരിച്ചുവരുന്ന സിപിഐഎം പ്രവർത്തകനായി കഴിഞ്ഞ 42 വർഷമായി ഞാൻ പൊതുജീവിതം നയിച്ചുവരുന്നു. വർഗീയതയോട് ഒരിക്കലും സമരസപ്പെട്ടിട്ടില്ല. ഇതിന്റെ ഫലമായി ധാരാളം തിക്താനുഭവങ്ങൾ നേരിട്ടിട്ടുള്ളയാളാണ് ഞാൻ. എന്റെ നാട്ടുകാർക്കും എന്നെ അറിയുന്നവർക്കും ഇത് നന്നായറിയാവുന്നതാണ്.

"എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും അതുമൂലം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടായതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും നേതാക്കളും എന്നെ തെറ്റിദ്ധരിച്ചതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധാരണ ഉണ്ടായി, എന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ ആ പ്രസ്താവന പിൻവലിക്കുന്നു."

Tags:
Next Story
Share it