ശബരിമല യുവതീ പ്രവേശനം ;തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നത്. നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി ഇന്ന് വരെ നീട്ടിയത്.2019 ലെ ദേവസ്വം ബോർഡിൻറെ നിലപാട് തിരുത്തിയാണ് വാദങ്ങൾ സമർപ്പിക്കുക. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിൻറെ പുതിയ നിലപാട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് ബോർഡിന്റെ മലക്കം മറിച്ചിൽ.2018 സെപ്തംബർ എട്ടിനാണ് യുവതീപ്രവേശനം അനുവദിച്ചുളള സുപ്രീംകോടതി വിധി. പുനഃപരിശോധന ഹർജികൾ വന്നപ്പോൾ ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശനത്തിനൊപ്പം നിന്ന സംസ്ഥാന സർക്കാർ നിലപാട് തന്നെയായിരുന്നു ബോർഡിനും. ആ തീരുമാനമാണ് ഇപ്പോൾ മാറിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ തിരിച്ചടി ഒഴിവാക്കാനും സമുദായ സംഘടനകളെ ഒപ്പം നിർത്താനുമുള്ള സർക്കാർ നീക്കമാണ് ബോർഡ് തീരുമാനത്തിന് പിന്നിൽ.

