ശബരിമല യുവതീപ്രവേശനം ;ഒമ്പതംഗ ഭരണഘടന ബെഞ്ച് നാളെമുതൽ വാദം കേൾക്കും

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനെ ബെഞ്ചാണ് വാദം കേൾക്കുന്നത്. മൗലികാവകാശവും മത സ്വാതന്ത്ര്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേൾക്കുന്നത്.വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുമ്പാകെ ഏഴുമുതൽ ഒമ്പതുവരെ നടക്കും. വിധിയെ അനുകൂലിക്കുന്നവരുടേത് 14 മുതൽ 16 വരെയും. കേരളം വോട്ടെടുപ്പിന്റെ ചൂടിൽ നിൽക്കെ സംസ്ഥാനസർക്കാർ ഇതിൽ ഏതുഭാഗത്തിനൊപ്പം ചേരുമെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.2018 ലെ യുവതീപ്രവേശന വിധി പുനഃപരിശോധിക്കാനാവശ്യപ്പെടുന്ന കക്ഷികളുടെ വാദങ്ങൾ ക്രോഡീകരിക്കാൻ അഡ്വ. കൃഷ്ണ കുമാർ സിങ്ങിനെയും മറുഭാഗത്തിനായി അഡ്വ. ശാശ്വതിയെയും സുപ്രീംകോടതി നോഡൽ അഭിഭാഷകരാക്കിയിരുന്നു. ദേവസ്വം ബോർഡ് ഉൾപ്പെടെ 53 കക്ഷികളാണ് വിധിക്കെതിരെ വാദം എഴുതി നൽകിയത്. വിധിയെ അനുകൂലിച്ച് 12 കക്ഷികളും വാദം എഴുതി സമർപ്പിച്ചു.ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ടതല്ലെന്ന നിലപാടാണ് ദേവസ്വം ബോർഡിന്. എന്നാൽ, മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും അഭിപ്രായം തേടി കോടതിക്ക് തീരുമാനിക്കാമെന്നാണ് സംസ്ഥാന സർക്കാർ എഴുതി നൽകിയത്. യുവതീപ്രവേശന വിലക്ക് സ്ത്രീകളോടുള്ള വിവേചനമാണെന്നാണ് സംസ്ഥാന സർക്കാർ 2018-ൽ ശക്തമായി വാദിച്ചത്. തുടർന്ന് യുവതീപ്രവേശം അനുവദിച്ച് അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിയുണ്ടായി. എന്നാൽ, 2018-ലെ വിധിയെ നേരിട്ട് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെയാണ് ഒമ്പതംഗ ബെഞ്ചിൽ സർക്കാർ വാദം സമർപ്പിച്ചത്.

