ശബരിമല സ്വര്‍ണക്കൊള്ള ;തന്ത്രി രാജീവർക്ക് തിരിച്ചടി ;തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾക്ക് ഹൈക്കോടതി സ്‌റ്റേ. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ അപ്പീലിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസിൽ എസ്‌ഐടിക്ക് ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി ഇടപെടൽ. തന്ത്രിക്ക് അനുകൂലമായ വിചാരണ കോടതി പരാമർശങ്ങൾ എസ്‌ഐടിക്ക് വലിയ തിരിച്ചടിയായിരുന്നു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ ആവശ്യം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് ആണ് ഇന്ന് പരിഗണിച്ചത്. കണ്ഠരര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത ബെഞ്ച് തന്ത്രിക്ക് നോട്ടീസ് അയക്കുകയും ചെയ്തു.തന്ത്രിക്കെതിരെ തെളിവില്ലെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചത്. എന്നാൽ തന്ത്രിക്കെതിരെ തെളിവുണ്ട് എന്നാണ് അപ്പീലിൽ എസ്‌ഐടിയുടെ അവകാശവാദം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നല്ല ബന്ധം പുലർത്തിയിരുന്ന ആളാണ് കണ്ഠരര് രാജീവര്. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം അടക്കം തെളിവായി കൈവശം ഉണ്ടെന്നും എസ്‌ഐടി വാദിക്കുന്നു.1998ലാണ് ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിയുന്നത്. അന്ന് താന്ത്രിക സ്ഥാനത്ത് ഉണ്ടായിരുന്നത് തന്ത്രി കണ്ഠരര് രാജീവര് ആണ്. സ്വർണപ്പാളികളിൽ സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് അന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും ചെമ്പ് എന്നെഴുതിയ രേഖയിൽ തന്ത്രി ഒപ്പിട്ടു. ഇത് ഒരു പ്രധാനപ്പെട്ട തെളിവാണെന്നും എസ്‌ഐടി അപ്പീലിൽ പറയുന്നു. സ്വർണപ്പാളികൾ അടക്കം പുറത്തേയ്ക്ക് കൊണ്ടുപോകാൻ പാടില്ലെന്നും തന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും പുറത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായി എസ്‌ഐടി ഉന്നയിക്കുന്നത്. സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ട്. ഇത് പരിഗണിക്കാതെയാണ് വിചാരണക്കോടതിയിൽ നിന്ന് പരാമർശങ്ങൾ ഉണ്ടായത്. ഈ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാണ് പ്രധാനമായി എസ്‌ഐടി അപ്പീലിൽ ആവശ്യപ്പെട്ടത്.

