Kaumudi Plus

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി; സാംപിളുകൾ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലേക്ക്

Sabarimala gold theft Kerala High Court allows detailed examination of gold plates

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി; സാംപിളുകൾ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലേക്ക്
X

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികളുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ കൂടുതൽ വ്യക്തത വരുത്താൻ ഹൈക്കോടതി അനുമതി നൽകി. സ്വർണപ്പാളികളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ സാംപിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ (BARC) നാഷണൽ ലാബിലേക്ക് അയയ്ക്കും.

ഈ മാസം 12-ന് സാംപിളുകൾ ശേഖരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. കേസിലെ എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന നിലപാടിലാണ് ഹൈക്കോടതി ഉറച്ചുനിൽക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (VSSC) റിപ്പോർട്ടിൽ ചില കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് BARC-ലെ പരിശോധന അനുവദിച്ചത്.

കോടതി നിർദേശപ്രകാരം, സാംപിൾ പരിശോധനയുടെ പുരോഗതിയും സാധ്യതകളും ഉൾപ്പെടെ 19-ാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അറിയിക്കണം. ശബരിമലയിലെ സ്വർണം കൈകാര്യം ചെയ്തതിൽ വീഴ്ചകൾ ഉണ്ടായതായി എസ്‌ഐടി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും, അത് എങ്ങനെ നടന്നുവെന്നതിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. 2025ലെ സ്വർണപൂശൽ പ്രക്രിയയിലും ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.

അതോടൊപ്പം, കേസിൽ ഉൾപ്പെട്ടവരുടെ പഴയ ഫോൺ രേഖകൾ പരമാവധി പരിശോധിക്കാനും കോടതി അനുമതി നൽകി. സർവീസ് പ്രൊവൈഡർമാരെ സമീപിച്ച് രേഖകൾ ശേഖരിക്കാൻ അനുവാദമുണ്ട്. കൂടാതെ, കൈയ്യക്ഷര പരിശോധന നടത്താനും രണ്ട് പേരുടെ പങ്കാളിത്തം കൂടി അന്വേഷിക്കാനും കോടതി അനുവദിച്ചിട്ടുണ്ട്.

ഈ നടപടികളിലൂടെ കേസിന്റെ അന്വേഷണം കൂടുതൽ ആഴത്തിലാക്കാനാണ് ഹൈക്കോടതിയുടെ ശ്രമം.

Tags:
Next Story
Share it