ശബരിമല സ്വർണക്കവർച്ച കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു; രണ്ട് സിഐമാരെ കൂടി ഉൾപ്പെടുത്തും
Sabarimala Gold Theft Investigation: SIT expansion - 2 more circle inspectors added to the team

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വിപുലീകരിക്കുന്നതിന് കേരള ഹൈക്കോടതി അനുമതി നൽകി. സംഘത്തിൽ രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരെ (സിഐ) കൂടി ചേർക്കാനാണ് തീരുമാനം.
എസ്ഐടിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഇതിന് അനുമതി നൽകിയത്. ഉദ്യോഗസ്ഥരെ ഉടൻ ലഭ്യമാക്കണമെന്നായിരുന്നു എസ്ഐടിയുടെ ഹർജി.
അതിനിടെ, കേസിലെ അന്വേഷണം സജീവമായി പുരോഗമിക്കുകയാണ്. പ്രതി ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ സഹകരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. താൻ ഡി മണി അല്ല, എംഎസ് മണി മാത്രമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതി. എന്നാൽ, ഇത് പൂർണമായും വ്യാജമാണെന്നും ഇയാൾ ഡി മണി തന്നെയാണെന്നുമാണ് എസ്ഐടിയുടെ നിലപാട്.
ദിണ്ടിഗലിൽ മണി നടത്തുന്ന സമാന്തര സംവിധാനം കണ്ടെത്തിയ സാഹചര്യത്തിൽ അതിലെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പുറത്തുകൊണ്ടുവരുന്നത് എസ്ഐടിക്ക് വലിയ വെല്ലുവിളിയാണ്. രണ്ട് സിഐമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയതോടെ അന്വേഷണത്തിന് കൂടുതൽ ശക്തി ലഭിക്കുമെന്നാണ് പ്രതീക്ഷ.

