ശബരിമല സ്വര്‍ണ്ണക്കൊള്ള;മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. ബോർഡ് അംഗമായിരുന്ന അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. 2025 ലെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് എസ്‌ഐടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വർണക്കൊള്ളയും, ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നതാണ്. അതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. പ്രശാന്തിനൊപ്പം ദേവസ്വം ബോർഡിലുണ്ടായിരുന്ന അജികുമാറിന്റെ മൊഴിയും ഇന്നലെ ശേഖരിച്ചിട്ടുണ്ട്.
2025 സെപ്റ്റംബർ എട്ടിനാണ് സ്വർണ്ണപ്പാളികൾ വീണ്ടും സ്വർണം പൂശാൻ കൊണ്ടുപോകുന്നത്. ആ സമയത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന തിരുവാഭരണം കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുണ്ട്. 2025 ലെ സ്വർണം പൂശലിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതിൽ ഉദ്യോഗസ്ഥരുടെ മൊഴി നിർണായകമായേക്കും.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന പ്രതികളെല്ലാം ഇപ്പോൾ ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. സ്വർണ്ണക്കവർച്ച സ്ഥിരീകരിച്ച രണ്ടു കേസുകളിൽ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇതേത്തുടർന്നാണ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായാ എ പത്മകുമാർ, എൻ വാസു തുടങ്ങിയവരെല്ലാം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയത്. എസ്‌ഐടി എന്ന് കുറ്റപത്രം സമർപ്പിക്കും എന്നതിലും വ്യക്തതയില്ല.

