ശബരിമല സ്വർണ്ണക്കൊള്ള ;തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ എസ്‌ഐടി അന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളിൽ എസ്‌ഐടി അന്വേഷണം. 2024ൽ തന്ത്രി സ്വകാര്യ ബാങ്കിൽ ഒറ്റത്തവണയായി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതായി എസ്ഐടി കണ്ടെത്തിയതാണ് വിവരം. ഈ ബാങ്ക് പിന്നീട് പൂട്ടിപ്പോയി. പണം നഷ്ടമായിട്ടും പരാതി നൽകാൻ കണ്ഠര് രാജീവർ തയ്യാറായില്ലെന്നും വിവരമുണ്ട്.കാര്യങ്ങളിൽ വ്യക്തത വരുത്താൻ വീണ്ടും രാജീവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് എസ്‌ഐടി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.സ്വർണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് ദീർഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
തന്ത്രിയുടെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഫെബ്രുവരി 3ന് പരിഗണിക്കും. പാളികൾ കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം. തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയിരുന്നു.


