അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി അഭ്യൂഹം ശക്തം

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നു എന്ന അഭ്യൂഹം വീണ്ടും അഗ്ധമാകുന്നു . എക്‌സ് പ്ലാറ്റ്ഫോമിൽ അണ്ണാമലൈയുടെ നിരവധി അനുയായികൾ പാർട്ടിയുടെ പേരും കൊടിയുടെ ഡിസൈനും ഒക്കെ പങ്കുവെക്കുന്നുണ്ട്. ജൂൺ മാസത്തിൽ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ചിലരുടെ അവകാശവാദം.അണ്ണാമലൈയുടെ അടുത്തകാലത്തെ ചില പരസ്യ നിലപാടുകളും ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി എഐഎഡിഎംകെയുമായി സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപി തീരുമാനത്തിൽ അണ്ണാമലൈ അതൃപ്തനായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ത്രിഭാഷാ നയം നടപ്പാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്' പരിപാടിയെക്കുറിച്ച് കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരുന്നതും രാഷ്ട്രീയ നിരീക്ഷകരും അനുയായികളും ചൂണ്ടിക്കാണിക്കുന്നു. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അണ്ണാമലൈ, 2021 ജൂലൈയിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു; അന്ന് 37 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായംനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായുള്ള സഖ്യം ബി.ജെ.പി. ഔദ്യോഗികമായി പുനരുജ്ജീവിപ്പിച്ച 2025 വരെ അദ്ദേഹം ആ പദവിയിൽ വിജയകരമായി തുടർന്നു. നേരത്തെ 2023 സെപ്റ്റംബറിൽ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം തകർന്നതിനുശേഷം എഐഎഡിഎംകെ നേതൃത്വത്തെ ഏറ്റവും ശക്തമായ ഭാഷയിൽ വിമർശിച്ച ബിജെപി നേതാക്കളിൽ ഒരാളായിരുന്നു അണ്ണാമലൈ എന്ന രാഷ്ട്രീയ വിലയിരുത്തലുകൾക്കിടയിലായിരുന്നു തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പുറത്തുപോകൽ.
എന്നാൽ, രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്ന വിവിധ തരത്തിലുള്ള ഊഹാപോഹങ്ങളെ മുതിർന്ന ബിജെപി നേതാക്കളിലൊരാൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. അണ്ണാമലൈ ബിജെപി വിടുന്നതിനെക്കുറിച്ചോ പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള വാർത്തകളിൽ യാതൊരുവിധ വസ്തുതയുമില്ലെന്നും, പാർട്ടി ദേശീയ നേതൃത്വത്തിൽ അദ്ദേഹത്തിന് ഉടൻ തന്നെ ഒരു പ്രധാന ചുമതല നൽകാൻ സാധ്യതയുണ്ടെന്നുമാണ് ബിജെപി വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നത്

