Kaumudi Plus

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം: 'വിമാനം വൈകി പുറപ്പെട്ടത് മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചതുകൊണ്ട്'

Rohit Pawar alleges foul play in the death of NCP leader Ajit Pawar, who was killed in a plane crash at Baramati

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം: വിമാനം വൈകി പുറപ്പെട്ടത് മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചതുകൊണ്ട്
X

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാറിന്റെ വിമാനാപകട മരണത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവനും എൻസിപി (ശരദ് പവാർ വിഭാഗം) നേതാവും എംഎൽഎയുമായ രോഹിത് പവാർ രംഗത്തെത്തി.

ബാരാമതിയിലുണ്ടായ അപകടം യഥാർത്ഥത്തിൽ അപകടമായിരുന്നോ അതോ മറ്റെന്തെങ്കിലും ആയിരുന്നോ എന്ന സംശയം എല്ലാവരുടെയും മനസ്സിൽ ഉണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ കരുതിയിരുന്നോ എന്ന കാര്യം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തമാക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങൾ നിയമവിരുദ്ധം മാത്രമല്ല, ബോംബിന് തുല്യമായ അപകടകരവുമാണ്. ഇന്ധനം ലാഭിക്കാൻ വേണ്ടി പൈലറ്റിന് നിർദേശം നൽകിയിരുന്നോ? ലാൻഡിങിന് മറ്റു മാർഗങ്ങൾ ലഭ്യമായിരുന്നില്ലേ? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. പൈലറ്റ് മദ്യപിച്ചിരുന്നോ എന്ന സംശയവും രോഹിത് പവാർ പ്രകടിപ്പിച്ചു.

യാത്രാ ഷെഡ്യൂൾ മാറ്റിയതിനെക്കുറിച്ചും അദ്ദേഹം സംശയം ഉയർത്തി. എന്തുകൊണ്ടാണ് അജിത് പവാർ യാത്രാ പദ്ധതി മാറ്റിയത് എന്ന് രോഹിത് ചോദിച്ചു. ജനുവരി 27ന് വൈകുന്നേരം മുംബൈയിൽ നിന്ന് പുണെയിലേക്ക് പുറപ്പെടാനായിരുന്നു തീരുമാനം. വാഹനവ്യൂഹം തയ്യാറായിരുന്നു. എന്നാൽ ഒരു പ്രമുഖ നേതാവ് കാണാൻ വന്നതോടെ യാത്ര വൈകി. തുടർന്ന് ജനുവരി 28-ന് രാവിലെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

അജിത് പവാർ വിമാനയാത്രകളിൽ എപ്പോഴും വളരെ ജാഗ്രത പുലർത്തിയിരുന്നു. അപകടസാധ്യതയുള്ള തീരുമാനങ്ങൾ അദ്ദേഹം ഒരിക്കലും എടുക്കാറില്ല. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയിരുന്നിട്ടും വൈകിയാണ് വിമാനം പുറപ്പെട്ടത്.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ട്രാൻസ്പോണ്ടർ ഓഫായതായും രോഹിത് ചൂണ്ടിക്കാട്ടി. ഇത് പൈലറ്റ് ചെയ്തതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിസിഎയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെങ്കിലും ആവശ്യമെങ്കിൽ വിദേശ വ്യോമയാന ഏജൻസികളെയും സഹകരിപ്പിക്കണമെന്ന് രോഹിത് പവാർ പറഞ്ഞു.

Tags:
Next Story
Share it