Kaumudi Plus

ആലപ്പുഴയിലെ" രക്ഷാപ്രവർത്തനം ";ഗൺമാൻമാർക്ക് ഗുരുതര വീഴ്ച്ച,പ്രത്യേക അന്വേഷണ സംഘം

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ;ഗൺമാൻമാർക്ക് ഗുരുതര വീഴ്ച്ച,പ്രത്യേക അന്വേഷണ സംഘം
X

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി . സംഭവത്തിന്റെ ഒറിജിനൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഗൺമാൻമാർ ക്രമസമാധാന പാലനത്തിന്റെ ഭാഗമല്ലാതെ, ലാത്തികൊണ്ട് പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചത് വലിയ തെറ്റാണെന്നും മർദ്ദനം നടന്ന സമയത്ത് ഗൺമാൻമാർക്ക് നേരിട്ട് ഇടപെടേണ്ട യാതൊരുവിധ സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘത്തിൻറെ നിഗമനം.ഇത്തരത്തിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദനം അഴിച്ചുവിട്ടത് പൂർണ്ണമായും ചട്ടവിരുദ്ധമായ നടപടിയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. അന്ന് മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത നാല് ഗൺമാൻമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ തന്നെ കർശനമായ വകുപ്പുതല നടപടികൾ വരും. ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന എസ്‌ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. മുൻപ് ഇതേ സംഭവത്തിൽ ഗൺമാൻമാർക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് അന്നത്തെ ആഭ്യന്തര വകുപ്പ് രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ പൂഴ്ത്തിവെച്ചിരുന്നു. യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദ്ദിച്ച ഗൺമാൻമാരുടെ നടപടി കേരള പോലീസിന് പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നായിരുന്നു ചൈത്ര തെരേസയുടെ റിപ്പോർട്ടിലെ പ്രധാന പരാമർശം.

Next Story
Share it