നവകേരള യാത്രയിലെ "രക്ഷാ പ്രവർത്തനം " അട്ടിമറി ;എം ആര്‍ അജിത്കുമാറിന്റെ ഓഫിസിലെ 2 എസ്‌ഐമാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നവകേരള യാത്രയിലെ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിൽ എഡിജിപി എം ആർ അജിത്കുമാറിന്റെ ഓഫിസിലെ രണ്ട് എസ്‌ഐമാരെ ഇന്ന് ചോദ്യം ചെയ്യും. ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരോട് എസ്‌ഐടിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫിസിൽ റിപ്പോർട്ടുകൾ പരിശോധിച്ചിരുന്നത് ഈ ഉദ്യോഗസ്ഥരാണ്.
അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത് മുൻ അന്വേഷണ ഉദ്യോഗസ്ഥരാണ്. ഗൺമാൻമാർക്കെതിരെ തെളിവില്ല എന്ന് റിപ്പോർട്ട് നൽകാനായി ഉന്നത തലത്തിൽ നിന്ന് സമ്മർദമുണ്ടായി. തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച്, എഡിജിപി ഓഫിസിൽ ചുമതലയുണ്ടായിരുന്ന എസ്‌ഐമാർ റിപ്പോർട്ട് ഇത്തരത്തിൽ മാറ്റണമെന്ന് നിർദേശിച്ചുവെന്നാണ് ആരോപണം. സമ്മർദം താങ്ങാനാകാതെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ യാഥാർഥ്യം അറിയാനായുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.എം ആർ അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരിക്കെ, ആ ഓഫിസിൽ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഇൻസ്‌പെക്ടർമാരും ഗ്രേഡ് എസ്‌ഐമാരും കേസ് ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ് ഗിരീഷും ശ്രീകാന്തുമെന്നാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി.നിലവിൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് ഗിരീഷ്. ശ്രീകാന്തും ആദ്യഘട്ടത്തിൽ ഈ സംഘത്തിലുണ്ടായിരുന്നു. നിലവിൽ തൃശ്ശൂരിലാണ് ജോലി ചെയ്യുന്നത്. ഇരുവരുടേയും വാദം കേൾക്കാനാണ് ഇന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചത്. കേസിൽ റിപ്പോർട്ട് തിരുത്താൻ താൻ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നായിരുന്നു നേരത്തെ എം ആർ അജിത്കുമാർ പ്രതികരിച്ചത്. ഉദ്യോഗസ്ഥർ ഇന്ന് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ വ്യക്തത വരിക.

