സർക്കാരിന് ആശ്വാസം ; ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഡാറ്റാ ചോർച്ചയിൽ സർക്കാരിനെതിരായ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതിൽ നിയമ വിരുദ്ധതയില്ല. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിലെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ കൈമാറി എന്നതിന് തെളിവില്ല. അതുകൊണ്ട് ഡാറ്റാ ചോർച്ചയുണ്ടായെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി സന്ദേശങ്ങളെ കാണാൻ കഴിയില്ല. കാരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ക്ഷേമ രാഷ്ട്രത്തിൽ ഇത്തരത്തിൽ സന്ദേശങ്ങൾ കൈമാറുന്നത് നല്ല ഭരണത്തിന്റെ ലക്ഷണമല്ലേയെന്നും കോടതി ചോദിച്ചു. ഭരണ നിർവഹണത്തിന്റെ ഭാഗമായി സർക്കാരിന് സന്ദേശങ്ങൾ അയക്കാം. ഡിഎ സന്ദേശം സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്കിൽ’ നിന്ന് ജീവനക്കാരുടെ മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന വാദം തെറ്റാണ്. മുഖ്യമന്ത്രിയുടെ പേരിൽ അല്ല സന്ദേശം അയക്കേണ്ടിയിരുന്നത്. കേരള സർക്കാരിൻ്റെ പേരിൽ അയയ്ക്കുന്നതാണ് ഉചിതം. ഇതു സംബന്ധിച്ച് ഹർജിക്കാർ പ്രത്യേക വാദം ഉന്നയിക്കാത്തതിനാൽ, അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.വ്യക്തിഗത വിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും, ഭരണ നിർവഹണത്തിന്റെ ഭാഗമായി സന്ദേശങ്ങൾ ജീവനക്കാർക്ക് അയക്കുമ മാത്രമാണ് ചെയ്തതെന്നാണ് സർക്കാർ കോടതിയിൽ വിശദീകരിച്ചത്. ഡിഎം കുടിശ്ശിക അടക്കം തീർക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത്തരം കാര്യങ്ങളുടെ വിശദാംശങ്ങളാണ് ജീവനക്കാരെ അറിയിച്ചത്. അതിൽ തെരഞ്ഞെടുപ്പ് സന്ദേശമോ, രാഷ്ട്രീയമായ ചിഹ്നങ്ങളോ ഒന്നും തന്നെയില്ല. ബജറ്റിൽ അനുവദിച്ച ആനുകൂല്യങ്ങളെക്കുറിച്ചാണ് സന്ദേശത്തിൽ ജീവനക്കാരെ അറിയിച്ചതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു.

