‘കർണാടക ഫാക്ടറും’ തിരഞ്ഞെടുപ്പ് ദിന ‘ക്ലൈമാക്സും’?: കയ്യെത്തും ദൂരത്ത് പൊലീസെത്തിയിട്ടും രാഹുൽ വഴുത്തിമാറുന്നു
Rahul Mamkoottathil evades arrest cunningly

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ 11ആം ദിവസവും ഒളിവിൽ തന്നെ.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, അറസ്റ്റ് മനഃപൂർവം വൈകിക്കുന്നതാണോ എന്ന് സംശയം ശക്തമാകുന്നു.
ബെംഗളൂരുവിലെ ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങളുടെ സംരക്ഷണവലയത്തിൽ ഒളിവിൽ കഴിയുന്ന രാഹുലിനെ പിടികൂടാൻ കേരള പൊലീസിന് കഴിയാതെ പോകുന്നത് ‘കർണാടക ഫാക്ടർ’ കാരണമാണെന്നാണ് അന്വേഷണസംഘത്തിനുള്ളിലെ ചർച്ച.
നവംബർ 27ന് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയ ഉടനെ പ്രചാരണത്തിനിടെ രാഹുൽ ഒളിവില്പോയി. പലതവണ ലൊക്കേഷൻ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്യാനായില്ല. പൊലീസ് അതിർത്തി കടന്ന് എത്തുമ്പോൾത്തന്നെ വിവരം രാഹുലിന് ലഭിക്കുകയും അടുത്ത ഒളിസ്ഥലത്തേക്ക് മാറുകയും ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇദ്ദേഹം നീങ്ങുന്നതെന്ന് പൊലീസ് പറയുന്നു.
ബെംഗളൂരുവിലെ പ്രമുഖരുടെ ഫാംഹൗസുകളിലാണ് പ്രധാനമായും ഒളിവ് ജീവിതം. അവിടെ റെയ്ഡ് നടത്താൻ കർണാടക പൊലീസിന്റെ സഹകരണം ലഭിക്കുന്നില്ല. കേരളത്തിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെട്ടിട്ടും ഫലമില്ല. ഇതുവരെ പത്തോളം ഒളിത്താവളങ്ങൾ രാഹുൽ മാറിക്കഴിഞ്ഞു. ഒരിടത്ത് പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹം കടന്നുകളയുന്നത് ആവർത്തിച്ചതോടെ, പൊലീസിനുള്ളിൽ തന്നെ വിവരചോർച്ചയെന്ന സംശയവും ഉയർന്നിട്ടുണ്ട്. അന്വേഷണസംഘം ഇന്നലെ ബെംഗളൂരുവിൽനിന്ന് മടങ്ങി.
പരാതി വന്ന ഉടനെ അറസ്റ്റ് ചെയ്യാൻ ഉണ്ടായിരുന്ന അവസരം ഉപയോഗപ്പെടുത്താത്തതിൽ പൊലീസിനുള്ളിൽ തന്നെ വിമർശനമുണ്ട്. പിന്നീട് കേരളത്തിൽ തന്നെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത് രാഷ്ട്രീയ ലാഭം കണക്കുകൂട്ടിയാണെന്നാണ് പ്രതിപക്ഷ ആരോപണം. തിരഞ്ഞെടുപ്പ് ദിവസം അറസ്റ്റ് നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അവർ ആരോപിക്കുന്നത്.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിത ഗർഭഛിദ്രം നടത്തിയ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞു. ഹർജി അടുത്ത തവണ പരിഗണിക്കുന്ന ഡിസംബർ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. കേസ് ഡയറി ഹാജരാക്കാൻ ഡിജിപിക്ക് നിർദേശം നൽകി. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. അതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.

