Kaumudi Plus

രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും ആറ്റുകാൽ കുത്തിയോട്ടവും: ശ്രീലേഖയുടെ നിലപാടുകൾ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു

Rahul Mamkoottathil Controversy and Attukal Kuthiyottam: Srilekha's stance put BJP in a tight spot

രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും ആറ്റുകാൽ കുത്തിയോട്ടവും: ശ്രീലേഖയുടെ നിലപാടുകൾ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ആരോപണവിഷയത്തിലും ആറ്റുകാൽ കുത്തിയോട്ട ആചാരവിഷയത്തിലും മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയുടെ നിലപാടുകൾ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

രാഹുൽ വിഷയത്തിൽ യുവതി പരാതി നൽകാൻ വൈകിച്ചതിനെയും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിനെയും ശ്രീലേഖ രാവിലെ സാമൂഹികമാധ്യമത്തിൽ കുറിച്ച് വിമർശിച്ചിരുന്നു. “പ്രതിക്ക് ഫോൺ ഓഫാക്കി മുങ്ങാനും മുൻകൂർ ജാമ്യം നേടാനുമുള്ള സമയം കിട്ടാനാണോ ഇത്? അതോ ശബരിമല സ്വർണക്കവർച്ചകേസിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ?” എന്ന് അവർ ചോദിച്ചു.

ഇതിനെതിരെ, അതിജീവിതയ്‌ക്കെതിരായ നിലപാട് എന്ന ആരോപണം ഉയർന്നതോടെ, പോസ്റ്റിൽ “ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം മാത്രമാണ്” എന്ന് കൂട്ടിച്ചേർത്തു. ഏത് കേസായാലും ഇരകളെ പിന്തുണയ്ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയാണ് താനെന്ന് ശ്രീലേഖ വ്യക്തമാക്കി. “നടപടി വൈകിയതിൽ മാത്രമാണ് രോഷം. പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നു, ചെയ്തില്ല. മുഖ്യമന്ത്രിക്ക് പരാതി കൊടുത്താൽ മാത്രമേ കേസെടുക്കൂ എന്ന പൊലീസ് നിലപാടിനെതിരെയാണ് എന്റെ പ്രതികരണം. ശബരിമല കേസ് അന്വേഷണം നല്ലരീതിയിൽ പുരോഗമിക്കുകയും പ്രമുഖരിലേക്ക് അറസ്റ്റ് എത്തിയേക്കാവുന്ന സാഹചര്യവും നിലനിൽക്കെ ഇത്തരമൊരു നീക്കം എല്ലാവർക്കും സംശയം ജനിപ്പിക്കും,” ശ്രീലേഖ പറഞ്ഞു.

ആറ്റുകാൽ കുത്തിയോട്ട വിഷയത്തിലും അവർ നിലപാട് ആവർത്തിച്ചു. ആചാരം നടക്കണം. പക്ഷേ, കുട്ടികളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുന്നത് സുപ്രീംകോടതി മാർഗനിർദേശപ്രകാരം ക്രിമിനൽ കുറ്റമാണ്. ചെട്ടികുളങ്ങരയിൽ അത് നിരോധിച്ചതുപോലെ, മുറിവേൽപ്പിക്കാതെ പ്രതീകാത്മകമായി നടത്തണമെന്ന നിലപാടാണ് ഇപ്പോഴും തനിക്കുള്ളതെന്നും ശ്രീലേഖ വ്യക്തമാക്കി.

Tags:
Next Story
Share it