ആഗോള അയ്യപ്പ സംഗമത്തിന് ചെലവ് വെറും മൂന്ന് കോടി മാത്രം; പൂർണമായും സ്പോൺസർഷിപ്പ്: പി.എസ്. പ്രശാന്ത്
P.S. Prasanth alleges attempts to mislead on global Ayyappa Sangamam organisation

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടന ചെലവുകളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആരോപിച്ചു.
ഇതുവരെ സംഗമത്തിന്റെ സംഘാടനത്തിനായി ചെലവഴിച്ചത് വെറും മൂന്ന് കോടി രൂപ മാത്രമാണെന്നും ഈ തുക പൂർണമായും സ്പോൺസർഷിപ്പിലൂടെ ലഭിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കൂടാതെ, ഒരു കോടി രൂപ കൂടി സ്പോൺസർഷിപ്പായി ലഭിച്ചിട്ടുണ്ട്. 'മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ' എന്ന തലക്കെട്ടിൽ നിന്ന് മൂന്ന് കോടി രൂപ അഡ്വാൻസായി എടുത്തിരുന്നെങ്കിലും സ്പോൺസർഷിപ്പ് ലഭിച്ച ഉടൻ 2025 ഒക്ടോബർ 17-ന് തുക കൃത്യമായി തിരിച്ചടച്ചു. ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു.
ദേവസ്വം കമ്മീഷണർ 2025 നവംബർ 4ന് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ആകെ ചെലവ് 4.5 കോടി രൂപയും ജിഎസ്ടിയും എന്നാണ് പറയുന്നത്.
എന്നാൽ ഈ റിപ്പോർട്ട് ഏത് അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ആർക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ പകർപ്പും പ്രശാന്ത് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

