Kaumudi Plus

ഡൽഹിയിൽ പ്രമുഖ മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി

ഡൽഹിയിൽ പ്രമുഖ മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി
X

ന്യൂഡൽഹി: വീടിന് മുന്നിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പ്രമുഖ മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ചുകൊന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ കിലോകാരി വില്ലേജിൽ താമസിക്കുന്ന സി. വിക്രം സിങ് (54) ആണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എട്ടുപേരെ സൺലൈറ്റ് കോളനി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. മണിപ്പൂരിലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ട വിക്രം സിങ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കിലോകാരി വില്ലേജിലെ അപ്പാർട്ട്‌മെന്റിലാണ് താമസം.പുലർച്ചെ വീടിന് താഴെ ഒരു സംഘം ആളുകൾ പരസ്യമായി മദ്യപിക്കുകയും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെയാണ് വിക്രം സിങ് താഴേക്ക് ഇറങ്ങിച്ചെന്ന് ഇത് ചോദ്യം ചെയ്തത്. ഒച്ചവെക്കാതെ പിരിഞ്ഞുപോകണമെന്ന് ഇയാൾ ആവശ്യപ്പെട്ടതോടെ സംഘം പ്രകോപിതരാവുകയായിരുന്നു. തുടർന്ന് എട്ടംഗ സംഘം വിക്രം സിങ്ങിന് നേരെ തിരിയുകയും തലങ്ങും വിലങ്ങും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അടിയേറ്റും ചവിട്ടേറ്റും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മകൻ യൈഫാബ ഉടൻ തന്നെ സമീപത്തെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Next Story
Share it