പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ ;എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിർവഹിക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് കൺവെൻഷൻ. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11.30 നാണ് മോദി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നത്.എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുക്കും. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോൺഗ്രസ് തുടങ്ങി എൻഡിഎയിലെ പന്ത്രണ്ടോളം പാർട്ടികളുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കും.
തെരഞ്ഞെടുപ്പിലെ പാർട്ടി നിലപാടുകളും നീക്കങ്ങളുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി ചടങ്ങിൽ നടത്തിയേക്കും. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നേവൽ ബേസിൽ എത്തി റോഡ് മാർഗം കൊച്ചി മറൈൻ ഡ്രൈവിലെത്തും. മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 ന് കലൂർ സ്റ്റേഡിയം കവാടത്തിൽ നിന്നും മോദിയുടെ റോഡ് ഷോ നടക്കും.തുടർന്ന് 12.30 ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിൽ റെയിൽവേയുടെ അടക്കം പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അതിനുശേഷം, ഒരു മണിയോടെ കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

