റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ;ഭരണതലപ്പത്ത് 8931 ദിവസം പിന്നിട്ടു

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നയിച്ച തലവൻ എന്ന റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യൻ പ്രധാനമന്ത്രി എന്നി നിലകളിൽ 8,931 ദിവസമാണ് മോദി സർക്കാരിന്റെ നായകനായി പൂർത്തിയാക്കിയത്. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിങിന്റെ 8,930 ദിവസം എന്ന റെക്കോർഡാണ് മോദി മറികടന്നത്.സർക്കാർ തലവൻ എന്ന നിലയിൽ 25 വർഷം കൂടിയാണ് മോദി പിന്നിട്ടത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് മോദി. 2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടിയാണ് പ്രധാനമന്ത്രി പദവിയിൽ തുടരുന്നത്.
ഏറ്റവും കൂടുതൽ കാലം ഗുജറാത്തിനെ നയിച്ച മുഖ്യമന്ത്രിയും നരേന്ദ്ര മോദിയാണ്.2001 ഒക്ടോബർ 7 നാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. , 2014 മെയ് 21 വരെ പദവിയിൽ തുടർന്നു. 13 വർഷത്തിലേറെയായിരുന്നു ഭരണ കാലം. ഇതിന് ശേഷമാണ് മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2014 മെയ് 26 ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തു, ലോക്സഭയിൽ പൂർണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ആദ്യത്തെ കോൺഗ്രസ് ഇതര നേതാവ് കൂടിയായിരുന്നു മോദി. രണ്ട് തവണ കാലാവധി പൂർത്തിയാക്കി തുടർ ഭരണം നേടി. മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്.

