ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് .തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ്ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് .ശരീരത്തിൽ എല്ലാഭാഗത്തും പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദർശനം ഉണ്ടാകും. 10.30 ഓടെ സംസ്‌കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക.കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിയുകയായിരുന്നു. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്ത് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ഏറെ പണിപ്പെടാണ് മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞത്. കർണാടക പൊലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

