'പിണറായി വിജയൻ സഭയിലെ നനഞ്ഞ കോഴി,കെ.എൻ ബാലഗോപാലന് മിണ്ടാട്ടമില്ല '; പരിഹാസവുമായി ജി സുധാകരൻ

ആലപ്പുഴ: പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് നിലവിൽ അദ്ദേഹത്തിന്റേതെന്നും പരിഹാസവുമായി ജി സുധാകരൻ എംഎൽഎ. ആലപ്പുഴയിൽ എംഎൽഎ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു ജി സുധാകരന്റെ വിമർശനം.
'സഭയിലെ സിപിഎം നേതാക്കളുടെ പ്രകടനം എല്ലാവരും കാണുന്നുണ്ടാകും. വെള്ളത്തിൽ വീണ് നനഞ്ഞ കോഴിയുടെ അവസ്ഥയാണ് പിണറായി വിജയന്റേത്. കെ.എൻ ബാലഗോപാലനെ ഇങ്ങനെയാരെങ്കിലും മുൻപ് സഭയിൽ കണ്ടിട്ടുണ്ടോ? സഭയിൽ മിണ്ടാട്ടമില്ല അദ്ദേഹത്തിന്. വി ഡി സതീശനെതിരെ സംസാരിക്കാൻ ഒരൊറ്റ സിപിഎം എംഎൽഎമാർക്കും സാധിക്കുന്നില്ല. എഴുന്നേറ്റ് നിന്ന് പറയാൻ ആരെങ്കിലും വേണ്ടേ?' സുധാകരൻ പരിഹസിച്ചു.
'തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ. സഭയിലെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനങ്ങളിൽ വല്ലാത്ത സങ്കടം തോന്നി. ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ലെന്ന് ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം. അതുപോലെ, വലത്തോട്ട് മുണ്ടുടുത്തെന്ന് കരുതി വലതുപക്ഷവുമാകില്ല.' സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി ലീഗാണെന്നും സിപിഎമ്മിൽ അംഗീകാരമുള്ള യുവജന നേതാവില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഊന്നുവടിയിൽ നടക്കുന്ന പാർട്ടിയാണ് സിപിഎം. എന്നിട്ടും കോൺഗ്രസ് ചെളിക്കുണ്ടിലാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. സമൂഹത്തിൽ സിപിഎമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തൊന്നും ഇവർ നന്നാകാൻ പോകുന്നില്ല.' സുധാകരൻ പറഞ്ഞു.

