മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല;ജി സുകുമാരൻ നായർ

കോട്ടയം:ആര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാലും ഒരു പ്രശ്നവുമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങൾ വോട്ടു ചെയ്ത് അധികാരത്തിൽ വന്ന സർക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ജി സുകുമാരൻ നായർ പറഞ്ഞു.ശബരിമല വിഷയം മുതൽ നടന്ന കാര്യങ്ങളിൽ ജനങ്ങൾക്ക് വളരെ ആശങ്കയുണ്ടായിരുന്നു. അതിനെ രാഷ്ട്രീയമായി അവർ കണ്ടില്ല. അതിനായി ഒരു ടൂളായി കണ്ടത് കോൺഗ്രസിനെയാണ്. കോൺഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങൾ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവൻ കോൺഗ്രസുകാരാണ് വോട്ടു ചെയ്തതെന്ന് ആരും ധരിക്കേണ്ട. കോൺഗ്രസുകാർ പ്രവർത്തിച്ചില്ല എന്നൊന്നും പറയുന്നില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൽഡിഎഫ് ഭരണം അവസാനം വന്നപ്പോൾ മാറേണ്ടതായിരുന്നു എന്നു തോന്നിയിരുന്നു. അക്കാര്യം താൻ പറഞ്ഞിട്ടുണ്ട്. ഇടതു സർക്കാരുമായി സൗഹൃദത്തിലായിരുന്നു. എൻഎസ്എസ് സമദൂരം പാലിച്ചാണ് നിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്, അവരുടേയാ ഇക്വേഷൻസ് നോക്കി മന്ത്രിസഭയുണ്ടാക്കട്ടെ. അതിൽ ഞങ്ങൾ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. ആരെങ്കിലും മുഖ്യമന്ത്രിയാകട്ടെ. ആരു വന്നാലും കുഴപ്പമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.അർഹതയുള്ള ആളുകളെ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്ന കീഴ് വഴക്കമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതു നടക്കണമെന്ന് ആഗ്രഹിക്കുന്നു. അതല്ലാതെ ജാതിയും മതവുമൊന്നും ഇല്ല. താക്കോൽ സ്ഥാനവുമായി ബന്ധപ്പെട്ട പ്രതികരണത്തിന്റെ സാഹചര്യം അല്ല ഇപ്പോഴുള്ളത്. ഒരു കൂട്ടർ സാമുദായികമായിട്ട് അവകാശം ചോദിച്ചപ്പോൾ ഞങ്ങൾ മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് പറഞ്ഞു എന്നു മാത്രമേയുള്ളൂ. വിഡി സതീശനേക്കാൾ സീനിയറായ നേതാക്കളും കോൺഗ്രസിലുണ്ട്. ആ കൂട്ടത്തിൽ സതീശനും ഉണ്ട്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തോട്ടെ. പക്ഷെ അർഹത നോക്കി വേണം തെരഞ്ഞെടുക്കാനെന്ന് സുകുമാരൻ നായർ പറഞ്ഞു.
ആർക്കെങ്കിലും വോട്ടു ചെയ്യണമെന്ന് എൻഎസ്എസ് ആസ്ഥാനത്തു നിന്നും ആരോടും പറഞ്ഞിട്ടില്ല. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണോ എന്ന ചോദ്യത്തിന്, അത് കോൺഗ്രസ് തീരുമാനിക്കട്ടെ, സമുദായം അല്ല ജനാധിപത്യം ആണ് പ്രധാനം. ചിലർ സമുദായപരമായ ഡിമാൻഡ് കൊണ്ടുവന്നപ്പോഴാണ് എൻഎസ്എസ് മുമ്പ് എതിർത്തത്. എൻഎസ്എസിന്റെ നിലപാട് വിജയത്തിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഞങ്ങളല്ല നിരീക്ഷിക്കേണ്ടത്.ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, പക്ഷെ അതിന് മാനദണ്ഡം വേണം. ജനങ്ങൾ ആഗ്രഹിച്ച് ഉണ്ടാക്കിയ സർക്കാരാണ്, അതുകൊണ്ടാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണോ എന്ന ചോദ്യത്തിന്, അദ്ദേഹം സഹോദരനാണ്, എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവരും യോഗ്യരാണ്. അതിനെ തിരിച്ചു തിരിച്ചു ചോദിക്കേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

