മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെൻഷൻ ;കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം, ടേം വ്യവസ്ഥയിലുള്ളവര്‍ക്ക് പണിയാവും

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഇനി മുതൽ പെൻഷന് നാലുവർഷം സർവീസ് നിർബന്ധമാക്കി. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സർവീസ് ഉണ്ടെങ്കിൽ മാത്രം പെൻഷൻ നൽകിയാൽ മതിയെന്നാണ് വി ഡി സതീശൻ സർക്കാരിന്റെ തീരുമാനം. അങ്ങനെ വരുമ്പോൾ ടേം വ്യവസ്ഥയിലുള്ള മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ഇത് ബാധിക്കും. പുതിയ വ്യവസ്ഥ അതൃപ്തിയുണ്ടായിരിക്കുകയാണ്.അനൂപ് ജേക്കബും മാണി സി കാപ്പനുമാണ് യുഡിഎഫിലെ ധാരണ പ്രകാരം രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിമാരാവുന്നത്. ലീഗിലെ ഒരു മന്ത്രി പാർട്ടിയിലെ ധാരണ പ്രകാരം പാറയ്ക്കൽ അബ്ദുല്ലയ്ക്കു വേണ്ടിയും രണ്ടര വർഷത്തിനു ശേഷം മാറും. പുതിയ വ്യവസ്ഥ പ്രകാരം ഇവരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ആനുകൂല്യം ലഭിക്കില്ല. ഏതാണ്ട് നാനൂറോളം പേർ വിവിധ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രാഷ്ട്രീയപരമായി നിയമിക്കപ്പെടാറുണ്ട്.രണ്ടുവർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതിയും ഒഴിവാകും. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വി ഡി സതീശൻ നൽകി. പുതിയ നിബന്ധനയ്ക്ക് മുൻകാലപ്രാബല്യം ഏർപ്പെടുത്തില്ല. നിലവിൽ നാലുവർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കും. മിനിമം പെൻഷനായി 4750 രൂപയെങ്കിലും നിലവിൽ ലഭിക്കും. ചെറുപ്രായത്തിൽ പേഴ്സണൽ സ്റ്റാഫിൽ അംഗമാകുകയും ജീവിതകാലം മുഴുവനും പെൻഷന് അർഹതനേടുകയും ചെയ്യുന്നതിനെത്തുടർന്നാണ് ഈ സമ്പ്രദായം വിമർശിക്കപ്പെടാൻ കാരണം.
മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ് തുടങ്ങിയ പദവികളിലുള്ളവരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. സുപ്രീംകോടതിയും സിഎജിയും ഈ സമ്പ്രദായത്തെ മുമ്പ് വിമർശിച്ചിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മീഷൻ നാലുവർഷമെങ്കിലും ബാധകമാക്കണമെന്ന് ശുപാർശ നൽകിയെങ്കിലും മുൻസർക്കാർ അത് സ്വീകരിച്ചിരുന്നില്ല.കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിമാർക്ക് 15 പേരെയേ പേഴ്സണൽ സ്റ്റാഫായി നിയമിക്കാനാവു. തമിഴ്നാട്ടിൽ ഒരാളെമാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാവൂ, ബാക്കിയുള്ളവർ സർക്കാർ സർവീസിലുള്ളവരായിരിക്കണം. കർണാടകയിൽ 14 പേരെ സ്വന്തംനിലയിൽ വെക്കാം. കേരളത്തിൽ 25 പേരെ പേഴ്സണൽ സ്റ്റാഫാക്കാം. അതിൽ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. 1994-ൽ കെ. കരുണാകരൻ സർക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 1982 മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു.

